കടുത്തുരുത്തി: കൊടും വളവില്‍ വീശിയെടുത്ത കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡില്‍നിന്നും താഴേക്കു തെന്നി മാറി. അപകടം വഴി മാറിയതു തലനാരിഴയ്ക്ക്. തുടര്‍ന്നു സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് കണ്ടു സംഭവത്തെക്കുറിച്ചു ഡ്രൈവറോടു ചോദിക്കാനെത്തിയ കാര്‍ യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ബസില്‍ തൂങ്ങി കിടന്നു നെഞ്ചത്തു ചവുട്ടി വീഴ്ത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ചു ബസ് തടഞ്ഞതോടെ ബസിന്റെ ട്രിപ്പു മുടങ്ങി. ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസുകാരില്‍ ചിലര്‍ ബസ് ഡ്രൈവര്‍ക്ക് അനുകൂലമായി സംസാരിച്ചതോടെ നാട്ടുകാര്‍ പ്രകോപിതരായി.
പിന്നീട് രംഗം പന്തിയല്ലെന്നു മനസിലാക്കി പോലീസ് കെഎസ്ആര്‍ടിസി ഡ്രൈവറെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുകയായിരുന്നു. ബസ് ഡ്രൈവറുടെ ചവിട്ടേറ്റു പരിക്ക് പറ്റിയ കാര്‍ യാത്രക്കാരനായ മേമ്മുറി സ്വദേശി പുല്ലുകാലായില്‍ പി.ജെ. ബാബു (47) വിനെയും ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുമ്പോള്‍ റോഡില്‍നിന്നും കാര്‍ താഴേക്കു ചാടിയതിനെത്തുടര്‍ന്നു കാറിനകത്തു വീണ് പരിക്കേറ്റ ബാബുവിന്റെ മകള്‍ ലിഡിയ (13)യെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിന്റെ സഹോദരന് ബിജുവാണ് കാര്‍ ഓടിച്ചിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം.
എറണാകുളത്തുനിന്നും കോട്ടയത്തേക്കു പോവൂകയായിരുന്ന കോട്ടയം ഡിപ്പോയിലെ ബസാണു സംഭവത്തില്‍പ്പെട്ടത്. ബസിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്നു കാര്‍ യാത്രക്കാരന്റെ നെഞ്ചില്‍ ചവുട്ടി വീഴ്ത്തിയ ബസ് ഡ്രൈവറുടെ നടപടിയില്‍ പ്രതിഷേധിച്ചു തടിച്ചു കൂടിയ തങ്ങള്‍ക്കുനേരേയും ബസ് ഡ്രൈവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ പ്രകോപിതരാവുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ മുതിര്‍ന്നവരില്‍ ചിലര്‍ അവസരോചിതമായി ഇടപെട്ടു നാട്ടുകാരെ അടക്കി നിര്‍ത്തിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഇതേസമയം ജംഗ്ഷനില്‍ നിര്‍ത്തിയിട്ടു യാത്രക്കാരെ കയറ്റിയിറക്കുമ്പോള്‍, കാറില്‍ പിന്തുടര്ന്നെത്തിയ യാത്രക്കാരന് ഡോര്‍ വലിച്ചു തുറന്നു തന്നെ അടിക്കുകയായിരുന്നുവെന്നാണു ബസ് ഡ്രൈവര്‍ കോട്ടയം പരിപ്പ് സ്വദേശി പ്രമോദ് പോലീസിനോട് പറഞ്ഞത്.
ബസിന്റെ ട്രിപ്പ് മുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പെരുവഴിയിലായി. ബസ് ഡ്രൈവറെ തല്ലിയതിന് ഡ്രൈവറുടെ മൊഴിയെടുത്തു ബാബുവിനെതിരേ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പ്രമോദും ആശുപത്രിയില്‍ ചികിത്സ തേടി. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കടുത്തുരുത്തി മേഖലാ സെക്രട്ടറിയായ ബാബുവിനെ അസഭ്യം വിളിക്കുകയും ചവുട്ടി വീഴ്ത്തുകയും ചെയ്ത സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കിയതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെയും മകളുടെയും മൊഴിയെടുത്തു ബസ് ഡ്രൈവര്‍ക്കെതിരേ കേസ് എടുക്കുമെന്നു കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാര്‍ പറഞ്ഞു.