ഭാരവാഹനങ്ങളുടെ സഞ്ചാരം; വാത്തിമറ്റം-അത്താണി റോഡ് തകര്‍ന്നു

ekm-roadപട്ടിമറ്റം: അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം മൂലം റോഡ് തകര്‍ന്നതായി പരാതി. വാത്തിമറ്റം-അത്താണി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. അനധികൃതമായെടുക്കുന്ന മണ്ണുമായാണ് ടിപ്പറുകള്‍ ഈ വഴി ചീറിപ്പായുന്നത്. കിഴക്കെ കുമ്മനോടിന്റെ ചില പ്രദേശങ്ങളും വെങ്ങോല വില്ലേജിലെ ചില പ്രദേശങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ മണ്ണെടുപ്പ് വ്യാപകമായിരിക്കുന്നത്. അമിതമായി മണ്ണുകയറ്റിയാണ് ഇതുവഴി മിക്ക ലോറികളും കടന്നുപോകുന്നത്. ഇതാണ് റോഡിന്റെ തകര്‍ച്ചക്കു ഇപ്പോള്‍ കാരണമായിരിക്കുന്നത്.  ആറ് മീറ്റര്‍ മാത്രം വീതിയുളള റോഡിലൂടെ 10 ടണ്ണില്‍ കൂടുതല്‍ ലോഡ് കയറ്റിയാണ് വലിയ ടിപ്പറുകള്‍ ഇടതടവില്ലാതെ ചീറിപായുന്നത്.

പൊതുമരാമത്തവകുപ്പിന്റെകീഴിലുളള ഈ റോഡിന്റെകുറുകെയുളള പാലം ഏത് സമയത്തും തകര്‍ന്ന് വീഴുമെന്ന അവസ്ഥയാണ്. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് എന്‍ജനീയര്‍ നേരത്തെ തന്നെ പാലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ലോഡുമായി പോകുന്ന വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. നിരോധനം നിലവിലുണ്ടെങ്കിലും പക്ഷേ ഇതു വകവയ്ക്കാതെ മണ്ണ് ലോബിയുടെ പ്രവര്‍ത്തനം.

വീതി കുറഞ്ഞ ഈ റോഡിലൂടെ മിനിലോറി മാത്രമേ ഓടാവു എന്നാണ് വ്യവസ്തയെങ്കിലും വലിയ ടിപ്പറുകളിലാണ് അമിതമായി മണ്ണ് കയറ്റി പോകുന്നത്.  2013 മുതല്‍ ഇതിനോടകം ഒരു കോടി 10 ലക്ഷം മുടക്കി റോഡ് ടാറിംഗ് ഉള്‍പെടെ പല പ്രാവശ്യം ചെയ്തങ്കിലും ഇപ്പോഴും റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. ഈ റോഡിലൂടെ രണ്ട് ബസ് സര്‍വീസ് നടത്തിയെങ്കിലും റോഡ് പൊട്ടിപൊളിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസം സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വീണ്ടും വാഹനം ഓടി തുടങ്ങിയത്.

റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതുകൊണ്ടും തുടര്‍ച്ചയായി മണ്ണുകയറ്റിയ ടിപ്പറുകള്‍ ചീറിപ്പായുന്നതിനാലും ഈ പ്രദേശത്ത് പൊടി ശല്യവും രൂക്ഷമാണ്. പൊടി ശല്ല്യം മൂലം പരിസരത്തുളള വീടുകളില്‍ ഇരിക്കുവാന്‍പോലും പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ശ്വാസ കോശ സമ്പന്ധമായ രോഗങ്ങളും വ്യാപകമാണ്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്ത്തില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗം, ആലുവ റൂറല്‍ എസ്.പി, പെരുമ്പാവൂര്‍ ഡിവൈഎസ്പി, കുന്നത്തുനാട് പോലീസ് തുടങ്ങിയവര്‍ക്കു  പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലന്നും നാട്ടുകാര്‍ പറയുന്നു.

അഞ്ച് സെന്റസ്ഥലത്ത് എടുക്കാന്‍കിട്ടുന്ന അനുമതി കൊണ്ടാണ് വ്യാപകമായി മണ്ണെടുകുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് കളക്ടര്‍ ഉള്‍പെടെയുളളവര്‍ക്ക് പരാതി കൊടുക്കുവാനും റോഡ് ഉപരോധം ഉള്‍പെടെയുളള സമരമാര്‍ഗം സ്വീകരിക്കുവാനുമാണ് നാട്ടുകാര്‍ തയാറെടുക്കുന്നത്.

Related posts