വള്ളിക്കോട്: ഓണവിപണിയെ മധുരമയമാക്കാൻ ഇക്കുറിയും വള്ളിക്കോട് ശർക്കര. നാട്ടിൽ വിളവെടുത്ത കരിന്പ് ഉപയോഗിച്ചു തയാറാക്കിയ വള്ളിക്കോട് ശർക്കരയ്ക്ക് മുൻകാലങ്ങളിൽ ലഭിച്ച സ്വീകാര്യതയാണ് ഇക്കുറിയും ഓണനാളുകളിലെ പ്രതീക്ഷ.പന്ത്രണ്ട് ടൺ ശർക്കരയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ഉത്പാദനമാണ് തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ഓണക്കാലത്തും മികച്ച വിൽപനയായിരുന്നു വള്ളിക്കോട് ശർക്കരയ്ക്ക്. രണ്ട് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കരിമ്പ് കൃഷിയും ശർക്കര ഉത്പാദനവും വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് 2023ൽ വീണ്ടും സജീവമായത്. അന്ന് കോന്നി കരിയാട്ടമായിരുന്നു പ്രധാന വിപണന കേന്ദ്രം. ആറ് ടൺ വില്പന ആദ്യവർഷം നടന്നു.
ചുരുങ്ങിയ സമയം കൊണ്ട് പേരും പ്രശസ്തിയും വർധിച്ചതോടെ സർക്കാരിന്റെ ഓണം മേളകളിലെല്ലാം വള്ളിക്കോട് ശർക്കര ഇടംപിടിച്ചു. ഇപ്പോൾ ദൂരസ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ ആളുകൾ വള്ളിക്കോട്ട് എത്തി ശർക്കര കൊണ്ടുപോകുന്നുണ്ട്.ഒരുകാലത്ത് രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് വള്ളിക്കോട് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.
പിന്നീട് കൃഷിയിൽനിന്ന് മിക്കവരും പിൻവാങ്ങി. നല്ല വരുമാനം ഉറപ്പായതോടെ ഇപ്പോൾ കൂടുതൽ കർഷകർ കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് പത്ത് ടൺ ശർക്കരയാണ് വിറ്റത്. ഇത്തവണ പന്ത്രണ്ടായിരത്തിൽ അധികം കിലോയാണ് ലക്ഷ്യമിടുന്നത്.
പന്തളം കൃഷി ഫാമിൽ നിന്നും മറയൂർ കരിമ്പ് ഉത്പാദകസംഘത്തിൽ നിന്നും എത്തിക്കുന്ന മുന്തിയ ഇനം കരിമ്പുകളാണ് വള്ളിക്കോട്ട് കൃഷി ചെയ്യുന്നത്.
30 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്കൻ ഭാഗങ്ങളിലാണ് കൃഷി ഏറെയും. കരിന്പ് ഉത്പാദക സഹകരണ സംഘം രൂപീകരിച്ചാണ് കരിന്പ് കൃഷി സജീവമാക്കിയത്. കഴിഞ്ഞവർഷം സംഘത്തിന് 17 ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചു.