കൊച്ചി: എറണാകുളം കോട്ടുവള്ളിയില് വട്ടിപ്പലിശക്കാരിയായ അയല്വാസിയില് നിന്നുണ്ടായ ഭീഷണിയെ തുടര്ന്ന് വീട്ടമ്മ പുഴയില് ചാടി മരിച്ച സംഭവത്തില് പരാതി നല്കിയിട്ടും പോലീസ് ഇടപെടല് ഉണ്ടായില്ലെന്ന ആരോപണവുമായി കുടുംബം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില് ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പോലീസില് പരാതി നല്കിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭര്ത്താവ് ബെന്നി പറയുന്നത്.
റിട്ടയേഡ് പോലീസ് ഉദ്യോസ്ഥനും അയല്വാസിയുമായ പ്രദീപും ഭാര്യ ബിന്ദുവും അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില് മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 2022ല് പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്.
പിന്നീട് ഇവര് തുക തിരിച്ചു നല്കിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭര്ത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂര് പോലീസ് സ്റ്റേഷനില് വച്ച് ബിന്ദുവും ഭര്ത്താവും ഭീഷണിപ്പെടുത്തിയിട്ടും പോലീസ് ഇടപ്പെട്ടില്ലെന്നാണ് ആശയുടെ കുടുംബത്തിന്റെ ആരോപണം.
ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറല് എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര് പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനില് വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര് രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില് മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.
മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര് ഭീഷണി തുടര്ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പില് പറയുന്നു.ആശയുടെ പോസ്റ്റുമോര്ട്ട് ഇന്ന് പറവൂര് താലൂക്ക് ആശുപത്രിയില് നടക്കും. വൈകിട്ട് മൂന്നിനാണ് കോട്ടുവള്ളി സെന്റ് സെബാസ്റ്റിയന് പള്ളിയിലാണ് സംസ്കാരം. പറവൂര് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദീപ് മുമ്പും നടപടി നേരിട്ടയാള്
സംഭവത്തില് ആരോപണ വിധേയനായ റിട്ട. പോലീസ് ഉദ്യോഗസ്ഥന് പ്രദീപ് കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴയില് ശ്രീജിത്തിനെ ഉരുട്ടിക്കൊന്ന കേസില് കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാര് നടപടി നേരിട്ടത്.
2018ല് പറവൂര് പോലീസ് ഇന്സ്പെക്ടറുടെ െ്രെഡവറായിരുന്നു പ്രദീപ് പോലീസ് സ്റ്റേഷനില് അവശനിലയില് കിടന്ന ശ്രീജിത്തിനെ ആശുപത്രിയില് എത്തിക്കാന് ബന്ധുക്കളോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അന്ന് കുടുംബം 15,000 രൂപ ഇയാള്ക്ക് നല്കിയിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ഇയാള് സസ്പെന്ഷനിലാകുകയുമായിരുന്നു.