കനത്ത പോലീസ് കാവലില്‍ ദളിത് വരന് കുതിരപ്പുറത്തേറി വധുവിന്റെ വീട്ടിലെത്തി. രാജസ്ഥാനിലെ അജ്മീറിലുള്ള ഉള്‍നാടന്‍ ഗ്രാമമായ പിസാംഗന് ബ്ളോക്കിലെ പാഗാരാ ഗ്രാമത്തിലാണ് സംഭവം.
സവര്‍ണ വിഭാഗം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നാണ് പോലീസ് സുരക്ഷയില്‍ വരന് കുതിരപ്പുറത്ത് സഞ്ചരിച്ചത്.
ഗ്രമത്തിലെ വിനോദ് കുമാര്‍ എന്നയാള്‍ അജ്മീര്‍ എസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സുരക്ഷയൊരുക്കിയത്.
സഹോദരി മീനാക്ഷിയുടെ വിവാഹം അടുത്ത ഗ്രാമമായ മുബാമിയിലെ ആനന്ദ് എന്ന യുവാവുമായി തീരുമാനിച്ചിരിക്കുകയാണെന്നും വരന് കുതിരപ്പുറത്ത് കയറി വരണമെന്നതാണ് ആചാരമെന്നും എന്നാല്‍ ദളിത് വിഭാഗത്തില്‍പ്പെടുന്ന യുവാക്കളെ ഇതിലെ സഞ്ചരിക്കാന്‍ സവർണർ അനുവദിക്കാറില്ലെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് അജ്മീര്‍ എസ്പി, ആനന്ദ് കുതിരപ്പുറത്ത് ഗ്രാമത്തില്‍ എത്തിച്ചേരുമ്പോള്‍ സുരക്ഷയൊരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിനായി ഇന്‍സ്പെക്ടര്‍ പ്രീതി രത്നത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ അനിഷ്ടങ്ങളൊന്നും നടന്നിട്ടില്ല. അതേസമയം തന്നെ ഇതുവരെയും ഇത്തരമൊരു സംഭവം ഗ്രാമത്തിലുണ്ടായിട്ടില്ലെന്നും ഇത് മാറ്റത്തിന്റെ സമയമാണെന്നും കാര്യങ്ങള്‍ മാറി വരട്ടെയെന്നും സവര്‍ണ വിഭാഗത്തിലുള്ളവര്‍ പ്രതികരിച്ചു.