ചിറ്റൂര്‍: മൂലത്തറ ഇടതു കനാല്‍ബണ്ട് തകര്‍ന്നത് പുനര്‍നിര്‍മാണം തുടങ്ങി. കമ്പാലത്തറ ഏരിമുതല് തത്തമംഗലം വരെയുള്ള പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ബണ്ട് വ്യാപകമായി തകര്‍ന്നിരിക്കുന്നത്.പേട്ടമുക്ക്, പാട്ടികുളം, നന്ദിയോട്, അയ്യപ്പന്‍കാവ്, വണ്ടിത്താവളം, പള്ളിമൊക്ക്, മൂപ്പന്‍കുളം, അത്തിമണി, തത്തമംഗലം എന്നിവിടങ്ങളിലാണ് ബണ്ട് വ്യാപകതോതില്‍ തകര്‍ന്നിരിക്കുന്നത്. ഇതുമൂലം റോഡിനും കനാല്‍ പരിസരത്തും താമസിക്കുന്ന കുടുംബങ്ങള്‍ക്കും അപകടഭീഷണി ഏറെയാണ്.
ഇപ്പോള്‍ കൊയ്ത്ത് നടക്കുന്നതിനാല്‍ കൃഷിക്ക് വെള്ളം ആവശ്യമില്ലാത്ത സമയമായതിനാലാണ് ബണ്ടുനിര്‍മാണം തുടങ്ങിയിരിക്കുന്നത്. പൂര്‍ണതോതില്‍ പുനര്‍നിര്‍മാണം കഴിയണമെങ്കില്‍ രണ്ടുമാസമെങ്കിലും വേണം.കനാല്‍ പുനര്‍നിര്‍മാണം വൈകുന്നതില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തകര്‍ച്ചയുള്ള ഭാഗങ്ങള്‍ വേഗത്തില്‍ നിര്‍മാണം നടത്തുന്നത്. മൂലത്തറ ഇടതുകനാലില്നിന്നും ബ്രാഞ്ച് കനാലിലേക്ക് വെള്ളം ഇറക്കുന്ന സ്ഥലത്തെ ഓവുകളും ശരിയാക്കുന്നുണ്ട്.