തൊടുപുഴ: ഇടുക്കി ജില്ലയും ഭീകരപ്രവർത്തകരുടെ താവളമാകുന്നു. ഇന്നലെ എൻഐഎ പെരുന്പാവൂരിൽനിന്നു അറസ്റ്റുചെയ്ത അൽക്വയ്ദ ഭീകരൻ യാക്കൂബ് വിശ്വാസ് നേരത്തെ അടിമാലി 200 ഏക്കറിലെ ചപ്പാത്തി നിർമാണ യൂണിറ്റിൽ ആറുമാസത്തോളം ജോലി ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ലോക്ക് ഡൗണിനെ തുടർന്നു കടയടച്ചിട്ടതോടെയാണ് ഒപ്പമുണ്ടായിരുന്നവരോടൊപ്പം യാക്കൂബും സ്ഥലം വിട്ടത്. ഉടമയുടെ വിശ്വസ്തനായ തൊഴിലാളികളിൽ ഒരാളായിരുന്നു ഇദ്ദേഹമെന്നും പറയപ്പെടുന്നു. കടയിലെത്തുന്നവരോടും മാന്യമായ പെരുമാറ്റമായിരുന്നു.
എന്നാൽ ഇയാൾക്കു ഭീകരപ്രസ്ഥാനവുമായി ബന്ധമുള്ളതായി ആർക്കും ഒരു സംശയത്തിനും ഇടനൽകിയിരുന്നില്ല. അതിനാൽതന്നെ ഇയാളെസംബന്ധിച്ച് യാതൊരു വിവരവും പോലീസിനും ലഭിച്ചിരുന്നില്ല.
യാക്കൂബ്് എങ്ങനെ അടിമാലിയിൽ ജോലിക്കെത്തിയെന്നും ഇതിനു പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇയാളുടെ അറസ്റ്റ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നു ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി ദീപികയോട് പറഞ്ഞു.
എൻഐഎ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ നൽകുക മാത്രമാണ് സാധാരണ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്കുമുന്പ് ഇടുക്കിയിലെ വാഗമണ്ണിൽ നടന്ന സിമി ക്യാന്പോടുകൂടിയാണ് ഭീകരപ്രവർത്തകർ ജില്ലയിൽ താവളമുറപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
തുടർന്നു ഇതുസംബന്ധിച്ച് വിശദമായ അന്വേഷണവും ക്യാന്പിൽ പങ്കെടുത്തുവരുടെ അറസ്റ്റുൾപ്പെടെ നടക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ ഭീകരരുടെ ഒളിസങ്കേതങ്ങൾക്ക് അനുകൂല സാഹചര്യമാണ്. എന്നാൽ ജില്ലയിൽ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനോ അന്വേഷണം നടത്താനോ ഇപ്പോഴും രഹസ്യാന്വേഷണ വിഭാഗത്തിനൊ പോലീസിനോ കഴിയുന്നില്ല.
ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെടുന്പോൾ മാത്രമാണ് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ തേടുന്നത്.
ഇവരുടെ താമസകേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണമില്ലാത്തതും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനു അനുകൂലമാകുകയാണ്.ഒരുമുറിയിൽ പത്തും ഇരുപതും പേർവീതമാണ് താമസിക്കുന്നത്.
ഇവരിൽ പലരുടെയും ജോലി സംബന്ധിച്ചൊ പ്രവർത്തനം സംബന്ധിച്ചോ കൃത്യമായ വിവരങ്ങളില്ല.സംസ്ഥാനത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നു വിതരണ ശൃംഖലയിലും അതിഥി തൊഴിലാളികളിൽ ചിലർ കണ്ണികളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ജില്ലയിൽ തോട്ടം മേഖലയിലും നിർമാണമേഖലയിലും ഉൾപ്പെടെ നൂറുകണക്കിനു അതിഥി തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് തൊഴിലുടമയ്ക്കും കൃത്യമായ വിവരങ്ങൾ ഇല്ല.
ജില്ലയിൽ 15,000ഓളം അതിഥിതൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ പകുതിയോളംപേർ കോവിഡിനെ തുടർന്നു നാട്ടിലേക്ക് തിരികെ മടങ്ങിയിരുന്നുവെങ്കിലും ട്രെയിൻ ഗതാഗതം സാധാരണ നിലയിലെത്തിയാൽ ഇവർ തിരികെ എത്താനാണ് സാധ്യത.
പ ഞ്ചായത്തടിസ്ഥാനത്തിൽ ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും പോലീസിന്റെ നിരീക്ഷണം കാര്യക്ഷമമാക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനാകൂ.