ലക്ഷ്യം കാണാതെ പദ്ധതികള്‍ മാലിന്യനഗരമായി കായംകുളം

alp-wasteകായംകുളം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിരിക്കെ കായംകുളം നഗരത്തില്‍ മുമ്പു നടപ്പിലാക്കിയ പല മാലിന്യ നിര്‍മാര്‍ജന പദ്ധതികളും ലക്ഷ്യം കണ്ടില്ല.  മാലിന്യനിര്‍മാര്‍ജനത്തിനും സംസ്കരണത്തിനുമായി കായംകുളം നഗരസഭ മുമ്പ് ആവിഷ്കരിച്ചത് നിരവധി പദ്ധതികളാണ്. ക്ലീന്‍ കായംകുളം, ജൈവവള നിര്‍മാണ യൂണിറ്റ്, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ പദ്ധതികളാണ് നഗരസഭ നടപ്പാക്കിയത്. എന്നാല്‍ ഒരു പദ്ധതിപോലും വിജയം കണ്ടില്ല.  44 വാര്‍ഡുകളിലെ കടകളിലെയും വീടുകളിലെയും മാലിന്യം ദിവസവും കൃത്യമായി ശേഖരിക്കാനും ജൈവ-അജൈവ മാലിന്യങ്ങള്‍ ഇവയില്‍നിന്നു വേര്‍തിരിച്ച് ഡമ്പിംഗ് ഗ്രൗണ്ടിലെത്തിക്കാനും അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ക്ലീന്‍ കായംകുളം പദ്ധതി.

25 ലക്ഷം രൂപയാണു സംസ്ഥാന ശുചിത്വമിഷനില്‍നിന്ന് ഈ പദ്ധതി നടപ്പാക്കാനായി നഗരസഭയ്ക്കു ധനസഹായം ലഭിച്ചത്. കുടുംബശ്രീ യൂണിറ്റുകളുടെസഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനായിരുന്നു നിര്‍ദേശം. ശുചിത്വമിഷന്‍ നല്‍കിയ 25 ലക്ഷം രൂ പയില്‍ 12 ലക്ഷത്തോളം രൂപ മുടക്കി ബ ക്കറ്റുകള്‍ വാങ്ങി. നല്ലൊരുഭാഗം ബക്കറ്റുകള്‍ ആദ്യഘട്ടമായി വ്യാപാരസ്ഥാപനങ്ങളില്‍ നല്കി. എന്നാല്‍ പിന്നീട് ഈ പദ്ധതി പ്രഹസനമായി. ബക്കറ്റുകള്‍ കാ ഴ്ചവസ്തുക്കളായി മാറുകയും ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള തൊഴില്‍സംരംഭമായും ഡമ്പിംഗ് ഗ്രൗണ്ടില്‍ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടിയാണ് ജൈവവള നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്.

ലക്ഷങ്ങള്‍ ചെലവഴിച്ച് ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കി ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാനായി വലിയ അറകളും നിര്‍മിച്ചു. 15ഓളം അയല്‍ക്കൂട്ടം പ്രവര്‍ത്തകരായിരുന്നു ജോലി ചെയ്തത്. മണ്ണിരയെ നിക്ഷേപിച്ച് വളവും ഉത്പാദിപ്പിച്ചു. വിപണനത്തിനു സംവിധാനം ഉണ്ടാക്കാത്തതിനാല്‍ ചാക്കില്‍ നിറച്ച വളം ഡമ്പിംഗ് ഗ്രൗണ്ടില്‍ത്തന്നെ കിടന്നു.വളത്തിന്റെ വില്‍പ്പന നടക്കാത്തതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വരുമാനവും ലഭിച്ചില്ല. ഇതോടെ ജൈവവള നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനവും നിലച്ചു. പത്തുവര്‍ഷം മുമ്പ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനായി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയ 21.5 ലക്ഷം രൂപ നഗരസഭയ്ക്കു നഷ്ടപ്പെട്ടിരുന്നു. അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതിയില്‍ മാലിന്യ സംസ്കരണത്തിനായി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചതുമില്ല. പണം നഷ്ടമാവുകയും ചെയ്തു.

നഗരത്തിലെ ഇടറോഡുകളിലും ദേശീയ പാതയോരത്തും അനധികൃത മാലിന്യനിക്ഷേപം വര്‍ധിച്ചിട്ടും നടപടിയില്ല. ഇതുമൂലം നഗരത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ ജനങ്ങള്‍ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലായി . കായംകുളം കെഎസ്ആര്‍ടിസി ബസ്‌സ്‌റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ ഒഎന്‍കെ ജംഗ്ഷന്‍വരെയുള്ള ഭാഗത്തും ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കുള്ള ഇടറോഡും മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കൂടാതെ കായംകുളം പുനലൂര്‍ കെപി റോഡിനു സമീപവും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. ദുര്‍ഗന്ധംമൂലം മൂക്കുപൊത്തിയാണ് ജനം ഇതുവഴി കടന്നുപോകുന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മാലിന്യം രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലുംകെട്ടി റോഡരികിലേക്ക് ഇപ്പോഴും തള്ളുകയാണ്.

Related posts