തിരുവനന്തപുരം: മകളുടെ വിവാഹം ആർഭാടങ്ങളോടെ നടത്തിയതിനു നാട്ടിക എംഎൽഎ ഗീതാ ഗോപിയോടു വിശദീകരണം തേടാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. വിവാഹസമയത്ത് എംഎൽഎയുടെ മകൾ നിരവധി സ്വർണാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതു പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു.
ആഡംബരപൂർണമായ ചടങ്ങുകൾ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഒഴിവാക്കണമെന്ന തീരുമാനം പാർട്ടി നേരത്തേ തന്നെ എടുത്തിരുന്നു. ഇതു പാർട്ടി എംഎൽഎ കൂടിയായ ഗീതാ ഗോപി ലംഘിച്ചുവെന്ന പരാതി സിപിഐ തൃശൂർ ജില്ലാ നേതൃത്വം പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇതിന്റെയടിസ്ഥാനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജനോടു പരാതിയെ സംബന്ധിച്ച് ആരാഞ്ഞു. എന്നാൽ, ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിനു മുമ്പു തന്നെ ഗീതാഗോപിയോടു വിശദീകരണം തേടണമെന്നു ജില്ലാ സെക്രട്ടറിയോടു കാനം നിർദേശിക്കുകയും ചെയ്തു. ഇക്കാര്യം കാനം രാജേന്ദ്രൻ തന്നെ ഇന്നലത്തെ സംസ്ഥാന എക്സിക്യൂട്ടീവിൽ റിപ്പോർട്ടു ചെയുകയായിരുന്നു.sthash.a9rqD24G.dpuf