പിറവം: ഇഷ്ടികക്കളങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിനാല്‍ ഇന്നുമുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നാല്‍, കളങ്ങളില്‍ പണിയെടുത്തിരുന്ന ആയിരക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികളുടെ ഭാവി തുലാസിലാകും. കളങ്ങള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇരുപതിലധികം കളങ്ങളിലായി സ്ത്രീകളും, പുരുഷന്മാരുമടക്കം നാലായിരത്തോളം പേര്‍ പണിയെടുക്കുന്നുണെ്ടന്നാണ് വിവരം.
ഇവരുടെ ഉപജീവനം ഇന്നുമുതല്‍ എങ്ങനെയായിരിക്കുമെന്നുള്ളതാണ് ഏറെ ആശങ്കക്കിടയാക്കുന്നത്.കൂടാതെ എല്ലാ കളങ്ങളിലും ധാരാളം ഇഷ്ടികകള്‍ നിര്‍മിച്ച് വില്‍പ്പനയ്ക്കായി തയാറാക്കിവെച്ചിരിക്കുകയാണ്. കൂടാതെ ചൂളയ്ക്കുവെച്ചിരിക്കുന്ന കട്ടകള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലുമാണ്. ഇവയെല്ലാം ലക്ഷക്കണക്കിനുരൂപയുടെ നഷ്ടമായിരിക്കും വരുത്തിവെയ്ക്കുന്നത്. കളങ്ങള്‍ താത്ക്കാലികമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതരെ സമീപിക്കാനാണ് ഉടമകളുടെ ശ്രമം.