അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പേ വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് ഉച്ചയ്ക്കുശേഷം ലഭിക്കുന്നില്ല. പേവിഷബാധയ്ക്കുള്ള പ്രതിരോധ ചികിത്സ മരുന്നായ ആന്റി റാബിസ് മരുന്ന് മെഡിക്കല്‍ കോളജില്‍ നല്‍കുന്നത് രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമാണ്. അടിയന്തര മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഈ മരുന്ന് മൂന്നു യുണിറ്റ് എങ്കിലും അത്യാഹിത വിഭാഗത്തില്‍ സൂക്ഷിക്കണമെന്ന നിയമമിരിക്കെയാണ് ഇത്തരത്തില്‍ ജീവനക്കാരും ആശുപത്രി അധികാരികളും അലംഭാവം കാണിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ സൗജന്യമായി നല്‍കേണ്ട ആന്റി റാബിസ് മരുന്നുകള്‍ക്ക് വിപണിയില്‍ 6000 രൂപയോളം വില വരുന്നതാണ്. ഉച്ചയ്ക്കു ശേഷം കടിയേറ്റ് വരുന്നവര്‍ക്ക് പുറത്തു നിന്നും മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. മൂന്നു യുണീറ്റ് മരുന്നെങ്കിലും ആശുപത്രിയില്‍ സൂക്ഷിക്കേണ്ടതാണെന്ന് ആശുപത്രി ജീവനക്കാര്‍ക്ക് അറിയാത്ത അവസ്ഥയാണ്.
മെഡിക്കല്‍ കോളജില്‍ നിന്നും നല്‍കേണ്ട മരുന്നിനെപ്പറ്റി ജീവനക്കാരോട് ചോദിച്ചാല്‍ അതിന് സമയം എടുക്കുമെന്നും പുറത്തു നിന്നും വാങ്ങുന്നതാണ് നല്ലതെന്നുമുള്ള ജീവനക്കാരുടെ ഉപദേശവും എത്തും. രോഗിയുടെ സുഖകരമായ ചികിത്സയ്ക്കായി ആരും പരാതിപ്പെടാനും തയാറാകില്ല. മെഡിക്കല്‍ കോളജില്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ മരുന്ന് വിതരണം ചെയ്യാത്തതെന്നും ആക്ഷേപമുയരുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരമായി മരുന്നു ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.