വയനാട്ടില്‍ പിടിയാന വെടിയേറ്റ് ചെരിഞ്ഞ നിലയില്‍; വാഹനത്തില്‍നിന്ന് വെടിയുതിര്‍ത്തതാണെന്നു സംശയം

ANNAസുല്‍ത്താന്‍ ബത്തേരി: ബത്തേരി പുല്‍പ്പള്ളി ദേശിയ പാതയില്‍ ചെതലയം നാലാം മൈലിനോട് ചേര്‍ന്ന് പന്ത്രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടത്തി. വയാനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന കുറിച്യാട് റേഞ്ചിലാണ് പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടത്തിയത്്.

വഴിയാത്രക്കാരാണ് ആന ചെരിഞ്ഞ വിവരം അധികൃതരെ അറിയിച്ചത്. മസ്തിഷ്കത്തില്‍ വെടിയേറ്റ് ചോരയൊലിച്ച നിലയിലാണ് ജഢം കിടന്നത്. ആന ചെരിഞ്ഞിട്ട് എട്ട് മണിക്കൂറെ ആകുന്നുള്ളൂവെന്ന് സംഭവസ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

രാത്രി രണ്ടുമണിക്ക് ശേഷമാണ് കൃത്യം നടന്നതെന്ന് സംശയിക്കുന്നു. വാഹനത്തില്‍നിന്ന് വെടിയുതിര്‍ത്തതാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ചെറിയ തിരയാണ് വെടിയുതിര്‍ക്കാനായി ഉപയോഗിച്ചത്. നായാട്ടു സംഘം മൃഗവേട്ടയ്ക്കിടയില്‍ മറ്റേതെങ്കിലും മൃഗത്തെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നില്‍വന്ന ആനയെ വെടിവച്ചതാകാമെന്നും, അല്ലെങ്കില്‍ വിനോദത്തിനായി വെടിവച്ചതാകാമെന്നുള്ള നിഗമനത്തിലാണ് വനപാലകര്‍.

ഡിഎഫ്ഒ ധനേഷ്കുമാര്‍, കുറിച്യാട് റേഞ്ച് ഓഫീസര്‍ അജിത്ത് കെ. രാമന്‍, അനിമല്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, ഡോ. ജിജിമോന്‍, ബത്തേരി റേഞ്ചര്‍ പി. കൃഷ്ണദാസ്, ബത്തേരി എസ്‌ഐ ബിജു ആന്റണി എന്നിവര്‍ സംഭവ സ്ഥലത്തെത്തി.

Related posts