പരവൂർ: മൊബൈൽ ഫോണുകളിലെ ഇൻകമിംഗ് കോളുകളിൽ വിളിക്കുന്നയാളിന്റെ യഥാർഥ്യ പേരുകൾ കാണിക്കുന്നതിനുള്ള സംവിധാനം രാജ്യത്ത് നിലവിൽ വരുന്നു.ഇന്ത്യയുടെ ഔദ്യോഗിക കോളർ ഐഡി സംവിധാനമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. ഈ പദ്ധതിക്കായുള്ള ടെലികോം വകുപ്പിന്റെ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ( ട്രായ് ) അംഗീകാരം നൽകി. പദ്ധതി സമീപഭാവിയിൽ തന്നെ പ്രാബല്യത്തിലാകും.
ട്രൂ കോളർ പോലുള്ള സ്വകാര്യ ആപ്പുകളെ ആശ്രയിക്കാത്ത കോളർ ഐഡന്റിഫിക്കേഷന്റെ ഔദ്യോഗിക പതിപ്പാണ് ഉടൻ പുറത്തിറങ്ങുക.കോളിംഗ് നെയിം പ്രസന്റേഷൻ എന്നറിയപ്പെടുന്ന ഈ സേവനം ഇൻകമിംഗ് കോളുകളിൽ സുതാര്യത കൊണ്ടുവരുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.മാത്രമല്ല കോളുകൾക്ക് മറുപടി നൽകുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാനും പുതിയ സംവിധാനം വഴി സാധിക്കും.
അംഗീകൃത ചട്ടക്കൂടിന് കീഴിൽ സിം വെരിഫിക്കേഷൻ സമയത്ത് കോൾ ചെയ്യുന്ന വ്യക്തിയുടെ പേര് അവരുടെ ടെലികോം ഓപ്പറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതായി കോളിംഗ് നെയിം പ്രസന്റേഷനിൽ കാണിക്കും. ഇതിന്റെ തിരിച്ചറിയൽ വിവരങ്ങൾ ടെലികോം കമ്പനികളുടെ ഔദ്യോഗിക സബ്സ്ക്രൈബർ ഡേറ്റാ ബേസിൽ നിന്ന് നേരിട്ട് ലഭിക്കും. ഈ വിശദാംശങ്ങൾ ആധികാരികമാണെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യും.
അടിസ്ഥാനപരമായി ഇത് ഇന്ത്യയുടെ ടെലികോം ശൃംഖലയിൽ സർക്കാർ പിന്തുണയുള്ള കോളർ ഐഡി സംവിധാനമായി പ്രവർത്തിക്കും. രാജ്യത്തെ എല്ലാ മൊബൈൽ വരിക്കാർക്കും ഈ സംവിധാനം ലഭ്യമാകുമെന്ന് ട്രായ് വ്യക്തമാക്കി. എന്നിരുന്നാലും ഇത് ഉപയോഗിക്കാൻ താത്പര്യമില്ലാത്ത വരിക്കാർക്ക് അവരുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഒഴിവാക്കാനും കഴിയും. സ്വകാര്യതയും സൗകര്യവും ഉറപ്പാക്കാൻ ഇത് ഉപകരിക്കും.
കോളിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സ്പാം കോളുകളുടെ വർധിച്ച് വരുന്ന ഭീഷണി ഒരു പരിധിവരെ തടയാനും ഈ സംവിധാനം വഴി സാധിക്കും. കോൾ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും ഈ സംവിധാനം ഉപകരിക്കും. ഡിജിറ്റൽ ആശയ വിനിമയത്തിലുള്ള വിശ്വാസം വർധിപ്പിക്കാനും പുതിയ സംവിധാനത്തിന് കഴിയും.
പരീക്ഷണാർഥം ടെലികമ്യൂണിക്കേഷൻസ് വകുപ്പ് തെരഞ്ഞെടുത്ത നഗരക്കളിലെ 4- ജി, 5 ജി നെറ്റ്വർക്കുകളിൽ കോളിംഗ് നെയിം പ്രസന്റേഷൻ വിജയകരമായി പൂർത്തിയാക്കി. പൂർണതോതിലുള്ള നടപ്പാക്കലിനുള്ള തയാറെടുപ്പുകൾ അന്തിമ ഘട്ടത്തിലാണ്. ഇതു സംബന്ധിച്ച് രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർക്ക് അടിയന്തിര സാങ്കേതിക നിർദേശങ്ങൾ നൽകി കഴിഞ്ഞു.
- എസ്. ആർ. സുധീർ കുമാർ

