ഭോപ്പാൽ: മധ്യപ്രദേശിൽ സുഹൃത്തിന്റെ വീട്ടിൽനിന്നു പണവും മൊബൈൽ ഫോണും കവർന്ന ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിവിൽ. ഭോപ്പാലിലെ ജഹാംഗിരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൽപന രഘുവംശിയാണ് സുഹൃത്തിന്റെ വീട്ടിൽനിന്നും രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നത്. താൻ കുളിക്കാൻ പോയ സമയമാണ് മോഷണം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.
സിസിടിവി പരിശോധിച്ചപ്പോഴാണ് കൽപ്പന രഘുവംശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ കൈയിൽ നോട്ടുകെട്ടുകൾ ഉള്ളത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതി ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കൽപ്പനയ്ക്കെതിരേ പോലീസ് മോഷണക്കുറ്റം ചുമത്തി. ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ പണം കണ്ടെത്താനായില്ല. കൽപ്പനയ്ക്കെതിരേ വകുപ്പുതല നടപടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

