വെണ്‍ബയ്ക്ക് ഇതു കളിയിടം; അച്ഛനും അമ്മയ്ക്കും വോട്ടുകേന്ദ്രം

EKM-COLLECTORകൊച്ചി: വെണ്‍ബ രജനീഷിനിത് പുതുമകള്‍ നിറഞ്ഞ വോട്ടെടുപ്പുദിനമായിരുന്നു. തെരഞ്ഞെടുപ്പുദിനങ്ങളില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പോളിംഗ് ബൂത്തിലേക്കു പോകുമ്പോഴെല്ലാം അച്ഛന്റെ ഒക്കത്തിരുന്ന് കാഴ്ചകള്‍ കണ്ടവള്‍ക്ക് ഇക്കുറി എല്ലാം വേറിട്ട അനുഭവം.അച്ഛനും അമ്മയും വോട്ടുചെയ്തുവരും വരെ കുട്ടികള്‍ക്കായി ബൂത്തിലൊരുക്കിയിരുന്ന കളിസ്ഥലത്തെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവള്‍ സമയം ചെലവഴിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദേശപ്രകാരം ഒരുക്കിയ മാതൃകാപോളിംഗ് ബൂത്തുകളിലൊന്നായ എസ്ആര്‍വി സ്കൂളിലെ ബൂത്തിലാണ് വെണ്‍ബയ്ക്ക് കളി സൗകര്യങ്ങള്‍ ലഭിച്ചത്. അച്ഛന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ എം.ജി.രാജമാണിക്യമാണെങ്കില്‍ അമ്മ വിജിലന്‍സ് എസ്പി നിശാന്തിനി.

അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയ വെണ്‍ബ കളിസ്ഥലത്ത് ഇരിക്കാന്‍ ആദ്യം തെല്ലു മടികാണിച്ചെങ്കിലും പതുക്കെ അതുമായി സമരസപ്പെടുകയായിരുന്നു. കളിയുപകരണങ്ങളും മറ്റുമെടുത്തെങ്കിലും താമസിയാതെ ചിത്രരചനയിലേക്കു തിരിഞ്ഞു. ഈസമയത്ത് അമ്മയുടെ ശ്രദ്ധയും വെണ്‍ബയിലായിരുന്നു. കളക്ടര്‍ വോട്ടുരേഖപ്പെടുത്തിയതിനുശേഷമാണ് എസ്പിക്ക് വോട്ടുചെയ്തത്.

കുട്ടികള്‍ക്കു കളിസ്ഥലവും മുതിര്‍ന്നവര്‍ക്ക് വോട്ടുകേന്ദ്രവുമായി നഗരത്തിലെ പോളിംഗ് ബൂത്ത് ശ്രദ്ധേയമായിരുന്നു. മറ്റു ബൂത്തുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മുതിര്‍ന്നവര്‍ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പ്രത്യേക മുറിയാണ് സജ്ജമാക്കിയത്. ഇതില്‍ വിവിധതരം കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചങ്ങാടിയിലെ രക്ഷ സ്‌പെഷല്‍ സ്കൂളിന്റെ സഹായത്തോടെ അവരുടെ ഉപകരണങ്ങളുമായാണ് ഇവിടെ ഈ ഏകദിന കളിസ്ഥലം ഒരുക്കിയത്.

ഇവിടെ കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായ രാഗിണിയുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം നേടുന്ന മീര, ഷിന്‍സി എന്നിവരായിരുന്നു കളിസ്ഥലത്തെ സഹായികളായി കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. രക്ഷയുടെ സെക്രട്ടറി രാഗിണിയുടെ പൂര്‍ണസഹകരണവും ഇവര്‍ക്കു ലഭ്യമായി. വൈകുന്നേരം വരെ പ്രവര്‍ത്തിച്ച കളിസ്ഥലത്ത് ഇരുപത്തഞ്ചിലേറെ കുട്ടികളെത്തിയിരുന്നു.

Related posts