ശ്രീനാരായഗുരു കേരള ജനതയുടെ ചിന്തകളെ മാറ്റിയെടുത്ത നേതാവ്: മന്ത്രി സി. രവീന്ദ്രനാഥ്

tcr-guruഇരിങ്ങാലക്കുട: ജാതി കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്നും മനുഷ്യകേന്ദ്രീകൃത അവസ്ഥയിലേക്ക് കേരള ജനതയെ നയിച്ച മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. 162-ാം ശ്രീനാരായണ ജയന്തി ആഘോഷപരിപാടി യോടനുബന്ധിച്ച് ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം ഹാളില്‍ നടന്ന സാസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 162 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പിറന്ന ശ്രീനാരായണ ഗുരു കേരളത്തിന്റെ ചിന്താ മണ്ഡലത്തെ മാറ്റിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്് വിജയന്‍ എളേയടത്ത് അധ്യക്ഷത വഹിച്ചു.  പ്രഫ. കെ.കെ അരുണന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി.എ മനോജ്കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സമ്മാനദാന വിതരണം നടത്തി.  എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ്് സന്തോഷ് ചെറാക്കുളം ജയന്തി സന്ദേശം നല്‍കി.  സെക്രട്ടറി പി.കെ പ്രസന്നന്‍ മുഖ്യപ്രഭാഷണം മടത്തി.  നഗരസഭ കൗണ്‍സിലര്‍ ബിജു ലാസര്‍, എ.ഡി ബിനി. വിജീഷ് ഇളയടത്ത്, മാലിനി പ്രേംകുമാര്‍, എം.കെ സുബ്രമണ്യന്‍, വിശ്വംഭരന്‍ മുക്കുളം എന്നിവര്‍ സംസാരിച്ചു.  സാസ്ക്കാരിക സമ്മേളനത്തിന് മുന്നോടിയായി കുട്ടംകുളം പരിസരത്ത് ആരംഭിച്ച ശ്രീനാരായണ ജയന്തിഘോഷയാത്രയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

Related posts