സാധാരണക്കാരുടെ അന്നം മുട്ടിച്ച് റേഷന്‍ കട സമരം തുടങ്ങി

KNR-RATIONതൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരം ആരംഭിച്ചതോടെ അന്നന്നത്തെ ആഹാരത്തിനായി റേഷന്‍ കടകളിലെത്തുന്ന സാധാരണക്കാര്‍ കഷ്ടത്തിലായി. ഗ്രാമ പ്രദേശങ്ങളില്‍ പലരും സമരമാണെന്നറിയാതെ റേഷന്‍ കടകളില്‍ വന്ന് മടങ്ങി. ഈ ആഴ്ചയിലെ അരി വാങ്ങിക്കാനാണ് പലരും റേഷന്‍ കടകളിലെത്തിയത്.

റേഷന്‍ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചിരിക്കുന്നത്. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, റേഷന്‍ ഡീലേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള സ്‌റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവരട ങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.

ഇന്‍ഡന്റ് ബഹിഷ്കരിച്ച് കടയടയ്ക്കുന്ന വ്യാപാരികള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ നടത്തി.  വെട്ടിക്കുറച്ച റേഷന്‍ ക്വാട്ട പുനസ്ഥാപിക്കുക, ബിപിഎല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, ഡോര്‍ ഡെലിവറി സമ്പ്രദായം ആരംഭിക്കുക, കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

നാളെ തൃശൂരില്‍ ചേരുന്ന സംയുക്ത സമരസമിതി യോഗം ഭാവി സമരപരിപാടികള്‍ സംബന്ധിച്ച കാര്യങ്ങര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ഡി. പോള്‍ എന്നിവര്‍ പറഞ്ഞു.  സമരം തീര്‍ക്കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് തല്‍ക്കാലം ഉണ്ടായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ സാധാരണക്കാരായ ജനങ്ങള്‍ വരും ദിവസങ്ങളില്‍ ദുരിതത്തിലാകും.

Related posts