കൂടത്തായിയില്‍ വില്ലനായത് അന്ധവിശ്വാസമോ ? മരിക്കുമ്പോള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജോത്സ്യന്റെ വിലാസവും പ്രത്യേക രീതിയിലുള്ള പൊടിയും…

കൂടത്തായി കൊലക്കേസില്‍ വില്ലനായത് അന്ധവിശ്വാസമോ ? കൊലപാതകം നടത്തുന്നതിലേക്ക് ജോളി ജോസഫിന്റെ മനസ്സിനെ എത്തിച്ചത് ആഭിചാരക്രിയയോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്നത് ഒരു തകിടായിരുന്നു. തകിടു നല്‍കിയ ജോത്സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു.

കേസെടുത്ത കോടഞ്ചേരി പോലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും ജോളിയുടെ അപേക്ഷയെത്തുടര്‍ന്ന് പിന്നീട് വിട്ടു നല്‍കുകയായിരുന്നു. പിന്നീട് റായിയുടെ അച്ഛന്റെ സഹോദരനായ മാത്യുവിന്റെ അപേക്ഷയെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി.

എന്നിട്ടും പോക്കറ്റിലെ പൊടിയെക്കുറിച്ച് പരിശോധനയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പൊതിയിലെ പൊടി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഈ പൊതിയിലുണ്ടായിരുന്ന പൊടിയാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയ്ക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയതെന്നാണ് ജോളി പറയുന്നത്. എന്നാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ജോളിയുടെ തന്ത്രമാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മാത്രമല്ല കട്ടപ്പനയിലെ ജോത്സ്യനെ കസ്റ്റഡിയില്‍ എടുക്കാനും ആലോചനയുണ്ട്. രണ്ടരമാസം നീണ്ട അന്വേഷണത്തിനിടെ ജോളിയെ നാലു പ്രാവശ്യമാണ് പോലീസ് ചോദ്യം ചെയ്തത്. കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. റൂറല്‍ എസ്പി കെ.ജി സൈമണിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

Related posts