സിപിഎമ്മും കോണ്‍ഗ്രസും ജനത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്നു : വെങ്കയ്യനായിഡു

alp-venkayanaiduമാവേലിക്കര: കോണ്‍ഗ്രസും സിപിഎമ്മും കാലങ്ങളായി ജനത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.  മാവേലിക്കര നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് ലോക്‌സഭയില്‍ ഒറ്റ അക്കത്തിലൊതുങ്ങി. നേതൃദാരിദ്ര്യം നേരിടുന്ന കോണ്‍ഗ്രസ് രാജ്യത്ത് ഇല്ലാതാവുകയാണ്. പല സംസ്ഥാനങ്ങളിലും അവര്‍ക്ക് ഭരണം നഷ്ടമാകുന്നു. ബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്നവര്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഇരുമുന്നണികളും ഭരിച്ചു മുടിച്ച കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ബിജെപിക്ക് കേരള ഭരണം നയിക്കാന്‍ ഒരു അവസരം ജനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ്ബാബു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍രാജ്, ബി. സത്യപാല്‍, മാവേലിക്കര നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി.എം. വേലായുധന്‍, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പിഎസ്. ശ്രീധരന്‍പിളള എന്നിവര്‍ പ്രസംഗിച്ചു.

Related posts