പാലക്കാട്: പാര്‍ലമെന്റ് നിയോജമണ്ഡലം പ്രദേശത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എം.ബി.രാജേഷ് എംപിയുടെ നേതൃത്വത്തില്‍ സഹായഹസ്തം. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങായാണ് സ്കോളര്‍ഷിപ്പ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം.ബി.രാജേഷ് എംപിയുടെ ഉദ്യമവുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഇതിനു രൂപംകൊടുത്തിട്ടുള്ളത്.
പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ ദര്‍ശന, യുകെ ആസ്ഥാനമായ മലയാളി കൂട്ടായ്മ ചേതന, പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക് പൂര്‍വവിദ്യാര്‍ഥി സംഘടന ഗ്രാമ്യ, ബെഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കേഴ്സ് അക്കാദമി എന്നീ സംഘടനകളാണ് വിദ്യാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നത്.ഒന്നും രണ്ടുംവര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍നിന്നായി നൂറുവിദ്യാര്ഥികള്ക്ക് പ്രതിമാസം ആയിരംരൂപ വീതം സഹായമെത്തിക്കുന്നതാണ് പദ്ധതി.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് മികച്ചവിജയം നേടിയ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ച് പരിശോധിച്ചാണ് ഓരോരുത്തരെയും തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥി സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ പഠിച്ചവരും വാര്‍ഷികവരുമാനം അറുപതിനായിരം രൂപയില്‍ അധികരിക്കാത്ത കുടുംബങ്ങളില്നിന്നുള്ളവരുമായിരിക്കണം.
പ്രോഗ്രാം ഫോര്‍ എനാബിളിംഗ് ഓഫ് ഡിസര്‍വിംഗ് ടാലന്റ് വിത്ത് ഇക്കണോമിക് ആന്‍ഡ് കോണ്‍ഫിഡന്റ് സപ്പോര്‍ട്ട് (പ്രെഡിക്ട്) എന്ന പദ്ധതിയുടെ നടത്തിപ്പിനായി എം.ബി.രാജേഷ് എംപി- ചെയര്മാന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ബിനുമോള്‍, ടി.ആര്.അജയന്, മുണ്ടൂര്‍ സേതുമാധവന്, പ്രഫ. സി.സോമശേഖരന്‍, പ്രഫ. മോഹന്‍ദാസ്, ഡോ. എന്‍.രാജന് ബാബു, പ്രഫ. എസ്.ശ്രീനാഥന്‍, പ്രഫ. പാര്‍വതി വാര്യര്‍, അജിത് സഖറിയ- കണ്‍വീനര്‍, പി.മധു, പ്രസാദ് മാത്യു, ഷാനു, ശ്രീകുമാര്‍, ലിയോസ്, പ്രിയേഷ്, ഷൈഷന് ശങ്കര്‍ദാസ് എന്നിവിരടങ്ങുന്ന സമിതി രൂപീകരിച്ചു.സ്കൂളുകള്‍ വഴി അപേക്ഷ ലഭിക്കും. സെപ്റ്റംബര്‍ ഇരുപതോടെ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കും. ഒക്ടോബറില്‍ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.