ന്യൂഡല്‍ഹി: വനിതാ ഹോക്കി ടീമിനെ ട്രെയിനില്‍ ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ അയച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ ടീമിലെ നാലു താരങ്ങള്‍ക്കാണ് അധികൃതരുടെ അവഗണന നേരിടേണ്ടിവന്നത്. ഒഡീഷ സ്വദേശികളായ ദീപ് ഗ്രേസ്, നമിത ടോപ്പോ, സുനിത ലക്ര, ലിലിമ മിന്‍സ് എന്നിവര്‍ക്കാണു ട്രെയിനില്‍ നിലത്തിരുന്നു യാത്ര ചെയ്യേണ്ടിവന്നത്. ഡല്‍ഹിയില്‍നിന്നു ജന്മനാട്ടിലേക്കുള്ള മടക്കയാത്രയിലാണ് താരങ്ങള്‍ക്കു ട്രെയിനില്‍ ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ നിലത്തിരുന്നു യാത്ര ചെയ്യേണ്ടിവന്നത്. കായിക താരങ്ങളെ അവഗണിച്ചതിലും അപമാനിച്ചതിലും കായിക മന്ത്രി വിജയ ഗോയല്‍ ഇടപെടണമെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകയായ ബ്രിന്ദ അഡിഗെ വളരെ രൂക്ഷമായ ഭാഷയിലാണു സംഭവത്തോടു പ്രതികരിച്ചത്. അവര്‍ പെണ്ണായിപ്പോയതുകൊണ്ടാണ് ഇങ്ങനെ അവഗണിക്കപ്പെട്ടത്. അധികൃതര്‍ ഒന്നോര്‍ക്കുന്നതു നല്ലതാണ്.ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ യശസുയര്‍ത്തിയത് രണ്ടു സ്ത്രീകളാണ്. അവരെ മാത്രം പൊക്കിപ്പിടിക്കുകയും ബാക്കിയുള്ളവരെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ അധികാരസ്ഥാനങ്ങള്‍ കൈയാളുന്നവര്‍ ലോകത്തിനു കാട്ടിക്കൊടുക്കുന്നത് അവരുടെ ഉള്ളില്‍ അടിഞ്ഞുകൂടിയ അധമമായ പുരുഷാധിപത്യ ചിന്തകളെയാണ്. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഈ വാക്കുകളല്ല വേണ്ടതെന്ന് എനിക്കറിയാം. അധികാരികള്‍ നിലപാട് മാറ്റി തെറ്റുകാര്‍ക്കെതിരേ നടപടിയെടുക്കണം – അഡിഗെ പറഞ്ഞു.
സ്ത്രീപക്ഷ പ്രവര്‍ത്തകയായ നിര്‍മല സാവന്തും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഈ സംഭവം നമുക്കാകെ നാണക്കേടാണ്. ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയാണു ചെയ്തത്.ഇത് രാജ്യത്തിന്റെ അഭിമാനത്തിന് വലിയ കളങ്കമാണ് വരുത്തിയിരിക്കുന്നത്. ലോകത്തിനു മുന്നില്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാര്യത്തില്‍ കായിക വകുപ്പു മാത്രമല്ലമറുപടി പറയേണ്ടത്. റെയില്‍വേയും കൂടിയാണ്. ഒളിമ്പിക്സില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ട്രെയിനില്‍ നിലത്തിരുന്നു യാത്ര ചെയ്യേണ്ടിവന്നതിനെക്കുറിച്ച് റെയില്‍വേ മന്ത്രിയും അന്വേഷണം നടത്തണം. സുരേഷ് പ്രഭു ഇക്കാര്യത്തില്‍ ആവശ്യമായ നടപടി എടുക്കുമെന്നു നമുക്കു കരുതാം.
കായിക മന്ത്രാലയം ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഒളിമ്പിക്സിലെ പ്രകടനം മെച്ചപ്പെടുത്താന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രിയാണു നമുക്കുള്ളത്. വലിയ ഫണ്ടാണ് കായികരംഗത്തിനുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഒളിമ്പിക്സിനു ശേഷം തിരിച്ചെത്തിയതാരങ്ങളെ അന്തസായി അവരുടെ നാട്ടിലെത്തിക്കാന്‍ ശേഷിയില്ലാത്ത ഭരണകൂടത്തിന് എന്തു നേട്ടങ്ങളാണ് ഉണ്ടാക്കാന്‍ കഴിയുക. ഇനിയെങ്കിലും നമ്മുടെ അധികാരികള്‍ കായികതാരങ്ങളെ പരിഗണിക്കണം. അവരെ അംഗീകരിക്കണം -നിര്‍മല സാവന്ത് പറഞ്ഞു.
എന്നാല്‍, നാലുപേരും റെയില്‍വേ ജീവനക്കാരാണെന്നും അവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ഇവര്‍ക്ക് സീറ്റ് അനുവദിക്കുന്നതില്‍ ടിടിആറിന്റെ ഭാഗത്തുനിന്നു വീഴ്ചവന്നതായും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും റെയില്‍വേ വിശദീകരിച്ചു.