മോഡേണാണെങ്കിലും ശാലീനസുന്ദരിയാണ് – ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എലാന്‍ട്രയെ ഇങ്ങനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. സ്റ്റൈലിഷ് ലുക്കിനൊപ്പം പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഹ്യുണ്ടായി ഇപ്പോള്‍ എലാന്‍ട്രയെ അവതരിപ്പിച്ചിരിക്കുന്നത്. സെഡാന് സെഗ്മെന്റിലെ എല്ലാ വിരുതന്മാരെയും വെല്ലുവിളിച്ചെത്തിയിരിക്കുന്ന എലാന്‍ട്രയുടെ വിശേഷങ്ങളിലേക്ക്…
രൂപം: രൂപത്തിലും ഭാവത്തിലും പുതുമ ഉള്‍ക്കൊള്ളിച്ചാണ് എലാന്‍ട്രയുടെ വരവ്. പ്രീമിയം സെഡാന് എന്നതിലുപരി ആഡംബര കാറുകളോടു കിടപിടിക്കുന്ന ഡിസൈനിംഗ് ആണ് മുന്‍ഭാഗത്ത്. ഫ്ളൂയിഡിക് ഡിസൈനിംഗില്‍ നിര്‍മിച്ചിരിക്കുന്ന ബോഡിയില്‍ അടിമുടി പുതുമകളാണ്. പ്രത്യേകം രൂപകല്പന ചെയ്ത കണ്‍സോളില്‍ അല്പം വലുപ്പമേറിയ ഫോഗ് ലാമ്പാണ് ആറാം തലമുറ എലാന്‍ട്രയില്‍ നല്‍കിയിരിക്കുന്നത്. ജാഗ്വറിനു സമാനമായുള്ള എല്‍ഇഡി ലൈറ്റുകളും ഡേ ടൈ ലൈറ്റുകളും വരുന്ന ഹെഡ്ലാമ്പില് എവിടെയോ ഒരു യൂറോപ്യന്‍ സ്റ്റൈല്‍ പതിഞ്ഞിട്ടുണ്ട്. ഹൊറിസോണ്ടല്‍ ഷേപ്പില്‍ ക്രോം സ്ട്രിപ്പുകള്കൊണ്ട് അലങ്കരിച്ച ഗ്രില്ലും അതേ മെറ്റലില്‍ തീര്‍ത്ത കമ്പനി ലോഗോയും ചേര്‍ന്ന് ആറാം തലമുറ എലാന്‍ട്രയുടെ പുതുമ പൂര്‍ണമാക്കുന്നു.
16 ഇഞ്ച് ടയറുകളും അതിനെ പിന്തുണയ്ക്കുന്ന വീല്‍ ആര്‍ച്ചുകളും പ്രധാന ആകര്‍ഷണമാണ്. ഇരു ഡോറുകളെയും സ്പര്‍ശിച്ചു കടന്നുപോകുന്ന ഷോള്‍ഡര്‍ ലൈനുകള്‍ ഡോറിന് ഭംഗി നല്കുന്നു. ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകളും ക്രോം പ്ലേറ്റിംഗ് നല്‍കിയിരിക്കുന്ന ഡോര്‍ ഹാന്‍ഡിലിലും ബെല്‍റ്റ് ലൈനുകളിലും വിദഗ്ധനായ ശില്പിയുടെ കരവിരുത് പ്രകടമാകുന്നു. പുതുതായി രൂപകല്പന ചെയ്തിരിക്കുന്ന 10 സ്പോര്‍ക്ക് 16 ഇഞ്ച് അലോയ് വീലുകളും സൗന്ദര്യം വിളിച്ചോതുന്നുണ്ട്.
പിന്‍ഭാഗത്ത് എവിടെയൊക്കെയോ മുന്‍ഗാമിയായ വെര്‍ണയുമായി രൂപസാദൃശ്യമുണ്ടെങ്കിലും അതിനെ മറികടക്കത്തക്ക പുതുമകളും വരുത്തിയിട്ടുണ്ട്. കാറുകളുടെ പിന്‍ഭാഗത്ത് ആദ്യം ശ്രദ്ധയെത്തുന്നത് ടെയ്ല് ലാമ്പിലായതിനാലാവാം വളരെ മനോഹരമായ ത്രീ സ്പ്ലിറ്റ് എല്‍ഇഡി ടെയ്ല് ലാമ്പാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ ഷാര്‍ക് ഫിന് ആന്റിനയും ബംപറിന്റെ താഴ്ഭാഗത്തെ ബ്ലാക്ക് ഫൈബര്‍ ഫിനീഷിംഗും ശ്രദ്ധേയമാണ്. 4530എംഎം നീളവും 1775എംഎം വീതിയും 1470എംഎം ഉയരത്തിലുമാണ് എലാട്രയുടെ രൂപകല്പന
ഇന്റീരിയര്‍: കറുപ്പിന് ഏഴഴക് എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് എലാന്‍ട്രയുടെ ബ്ലാക്ക് കളര്‍ ഇന്റീരിയര്‍ തെളിയിക്കുന്നു. ഒരുപക്ഷേ, മറ്റ് മോഡലുകളില്‍ അധികം കാണാത്തതിനാലാവാം ഡാര്‍ക്ക് ഷെയ്ഡ് ആകര്‍ഷകമാകുന്നത്. സോഫ്റ്റ് പ്ലാസ്റ്റിക്കില്‍ തീര്‍ത്തിരിക്കുന്ന ബ്ലാക്ക് ഡാഷ്ബോര്‍ഡിലൂടെ സെന്റര്‍ കണ്‍സോളിനെ ഭേദിച്ചു കടന്നുപോകുന്ന സില്‍വര്‍ ലൈനും ആഡംബര കാറുകളോട് മത്സരിക്കാനുതകുന്ന സെന്റര്‍ കണ്‍സോളുമാണ് ഇന്റീരിയറിന്റെ മാറ്റു കൂട്ടുന്നത്. ടോപ്പ് എന്‍ഡ് മോഡലുകളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. സിഡി, ഓക്സിലറി, യുഎസ്ബി, റേഡിയോ എന്നീ സൗകര്യങ്ങള്‍ അടങ്ങിയ 2–ടിന് മ്യൂസിക് സിസ്റ്റവും ജിപിഎസ്, റിയര്‍ കാമറാ സ്ക്രീന്‍ എന്നിവയുമടങ്ങിയതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ഗിയര്‍ ലിവറിനു ചുറ്റം അലുമിനിയം ഫിനീഷിംഗില്‍ നല്‍കിയിരിക്കുന്ന ഡമ്മി സ്വിച്ച് എലാന്‍ട്രയുടെ പുതുമയാണ്.
ഓഡിയോ, കോള്‍ കണ്ട്രോള് എന്നീ സ്വിച്ചുകളും ട്രാക്ഷന്‍ കണ്ട്രോള് യൂണിറ്റുമൊഴിച്ചാല് ഹ്യുണ്ടായിയുടെ മറ്റു മുന്തിയ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന സ്റ്റിയറിംഗ് വീലാണ് എലാന്‍ട്രയിലും.
ആര്‍പിഎം, സ്പീഡ് എന്നീ അനലോഗ് മീറ്ററും ഒരു ഡിജിറ്റല്‍ സ്ക്രീനും ഉള്‍പ്പെടുന്ന ലളിതമായതാണ് മീറ്റര്‍ കണ്‍സോള്‍.
സീറ്റുകള്‍: പത്തു രീതിയില്‍ ക്രമീകരിക്കാന്‍ ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിള് െ്രെഡവര്‍ സീറ്റാണ് എലാന്‍ട്രയില്‍ വരുന്നത്. ടോപ്പ് എന്‍ഡ് മോഡലുകള്‍ക്ക് ലെതര്‍ ഫിനീഷിംഗ് സീറ്റുകളും മറ്റു മോഡലുകള്‍ക്ക് ഫാബ്രിക് ഫിനീഷിംഗ് സീറ്റുകളും നല്കിയിരിക്കുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ക്കും എസി വെന്റുകള്‍ നല്‍കിയിട്ടുണ്ട്. 458 ലിറ്റര്‍ എന്ന ഉയര്‍ന്ന ബൂട്ട് സ്പേസാണ് എലാന്‍ട്ര നല്‍കുന്നത്.
സുരക്ഷ: ടോപ് എന്‍ഡ് മോഡലുകളില്‍ ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഹൈറ്റ് അജസ്റ്റബിള് സീറ്റ് ബെല്‍റ്റ്, ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് എന്നിവ ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്.
എന്ജിന്: പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എലാന്‍ട്ര ലഭ്യമാണ്. 2.0 ലിറ്റര്‍ വിടിവിടി പെട്രോള്‍ എന്ജിന് 1999 സിസി കരുത്തില്‍ 178 എന്‍എം ടോര്‍ക്ക് 152 പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നത്. കരുത്തിനൊപ്പം എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്ന മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന് (എംപിഎഫ്ഐ) സംവിധാനം ഇന്ധനക്ഷമതയ്ക്കു സഹായിക്കുന്നു.
1.6 സിആര്‍ഡിഐ ഡീസല്‍ എന്‍ജില്‍ 1582 സിസിയില്‍ 260 എന്‍എം ടോര്‍ക്ക് 128 പിഎസ് കരുത്തുമാണ് പുറന്തള്ളുന്നത്.
സിക്സ് സ്പീഡ് ഗിയര്‍ ബോക്സാണ് ഓട്ടോമാറ്റിക്കിലും മാന്വലിലും ഉപയോഗിച്ചിരിക്കുന്നത്.
മൈലേജ്: ഡീസല്‍ മോഡലുകള്‍ക്ക് 18 മുതല്‍ 22.7 കിലോമീറ്റര്‍ വരെയും പെട്രോള്‍ മോഡലുകള്‍ക്ക് 14.5 മുതല്‍ 16.3 കിലോമീറ്റര്‍ വരെയുമാണ് കമ്പനിയുടെ വാഗ്ദാനം.
വില: 13.29 ലക്ഷം മുതല്‍ 19.53 ലക്ഷം രൂപ വരെയാണ് എലാന്‍ട്രയുടെ കോട്ടയത്തെ ഓണ്‍ റോഡ് വില.
ടെസ്റ്റ് െ്രെഡവ്: പോപ്പുലര്‍ ഹ്യുണ്ടായി, കോട്ടയം. 7356602428
അജിത് ടോം