സമ്പന്ന തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനനം, കുടുംബക്കാര്‍ ഉന്നത ഉദ്യോഗത്തിലെത്തിയപ്പോള്‍ കമ്മ്യൂണിസത്തെ മുറുകെപിടിച്ചു, പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജീവിതത്തിലൂടെ

സീതാറാം യെച്ചൂരി അങ്ങനെയാണ്…എതിരാളികള്‍ എത്ര ശക്തരായാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതാണ് യെച്ചൂരിയുടെ ശീലം. പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍ശബ്ദങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും യെച്ചൂരി സിപിഎമ്മിന്റെ അമരക്കാരനായത്. മൂന്നരപ്പതിറ്റാണ്ട് അടക്കി ഭരിച്ച പഞ്ചിമബംഗാളില്‍ നാമാവിശേഷമാകുകയും ഒരിക്കലും കൈവിടില്ലെന്നു കരുതിയ ത്രിപുര നഷ്ടപ്പെടുകയും ചെയ്്തതോടെ നിലയില്ലാക്കയത്തിലായ സിപിഎമ്മിനെ കൈപിടിച്ചുയര്‍ത്തേണ്ട കപ്പിത്താന്റെ ചുമതലയാണ് യെച്ചൂരിയെ കാത്തിരിക്കുന്നത്.

കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയില്‍ താന്‍ അവതരിപ്പിച്ച കരട് രേഖ തള്ളിപ്പോയിട്ടും യെച്ചൂരി എന്ന പോരാളി തളര്‍ന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പാട് മുഖങ്ങളെ സമ്മാനിച്ച ജെഎന്‍യുവില്‍ നിന്നു തന്നെയായിരുന്നു യെച്ചൂരിയുടെ തുടക്കവും. ജെഎന്‍യുവിലെ വിദ്യാര്‍ഥിനേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരി അറസ്റ്റുചെയ്യപ്പെട്ട് തടവില്‍ക്കഴിഞ്ഞിരുന്നു. ’78ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെഎന്‍യു അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു.

അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ’77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എന്‍.സി.പി. ദേശീയനേതാവ്) ഡി.പി.ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായിരുന്നു. മികച്ച പ്രാസംഗികന്‍കൂടിയായ യെച്ചൂരി തൊട്ടടുത്ത വര്‍ഷം പ്രസിഡന്റായി. ’78’79 കാലയളവില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും യെച്ചൂരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കു ശേഷം 77ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറിച്ചു നട്ടു.

പാര്‍ട്ടിയിലെ പ്രബലനായ ബി.ടി രണദിവെയുടെ സഹായിയായി ആയിരുന്നു അന്ന് യെച്ചൂരിയുടെ പ്രവര്‍ത്തനം. ഡല്‍ഹികേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിക്കൊണ്ടുവന്നതും ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെയും സിപിഎം കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയാവട്ടെ, സാക്ഷാല്‍ ഇഎംഎസും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആളെത്തരണമെന്ന് ഇഎംഎസ് സംസ്ഥാനങ്ങളോട് നിരന്തരമാവശ്യപ്പെട്ടിരുന്നു. യുവരക്തങ്ങളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ഇഎംഎസ്. മുന്‍കൈയെടുത്തപ്പോള്‍ ’84ല്‍ കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. ’85ലെ 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

1989ല്‍ അഞ്ചംഗ കേന്ദ്ര സെക്രട്ടറിയേറ്റ് രൂപവത്ക്കരിക്കപ്പെട്ടപ്പോള്‍ അതിലൊരാള്‍ യെച്ചൂരിയായിരുന്നു. 92ലെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്ആര്‍പിയ്ക്കും ഒപ്പം പിബിയിലെത്തി. പുതുതലമുറക്കാരുടെ കൂട്ടത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ അംഗമായ സീതാറാം യെച്ചൂരിയുടെ ഭാവി ഏറെ ശോഭനമായിരുന്നു. ബി.ടി.ആറിന്റെ വിശ്വസ്തനായ അദ്ദേഹം പിന്നീട് ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വലംകൈയായി.

ജെഎന്‍യുവിലെ പഠനകാലത്തു തന്നെ അന്താരാഷ്ട്ര കമ്യൂണിറ്റ് പാര്‍ട്ടികളുമായി യെച്ചൂരിയ്ക്കുള്ള അടുപ്പമുണ്ടായിരുന്നു. ഈ അന്താരാഷ്ട്രബന്ധങ്ങള്‍ തിരിച്ചറിഞ്ഞ ഇ.എം.എസ്., സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. സുര്‍ജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ യെച്ചൂരിയായിരുന്നു കൂട്ടാളി. ഇന്ന് സിപിഎം രാജ്യത്ത് തകര്‍ന്നെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മുഖമാണ് യെച്ചൂരി.

ഇടതുപക്ഷത്തെ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാംമുന്നണി സര്‍ക്കാരുകളുടെ നെയ്ത്തുകാരന്‍ ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പമുള്ള പ്രവര്‍ത്തനപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി വി.പി.സിങ്, ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകള്‍ യാഥാര്‍ഥ്യമാക്കിയത് സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു. 2004ല്‍ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ യുപിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സുര്‍ജിത്തിനു പിന്നില്‍ നിഴല്‍ പോലെ യെച്ചൂരിയും ഉണ്ടായിരുന്നു. സുര്‍ജിത്തിന്റെ മരണശേഷവും യുപിഎ ബന്ധം കാത്തു സൂക്ഷിക്കാന്‍ യെച്ചൂരി ശ്രമിച്ചിരുന്നു. ഇറ്റാലിയന്‍ പൗരത്വത്തിന്റെ പേരില്‍ മാറിനിന്ന സോണിയയെ പ്രധാനമന്ത്രിയാവാന്‍ യെച്ചൂരി ഉപദേശിച്ചിരുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവരാന്തകളില്‍ പരസ്യമായ ഒരു രഹസ്യം.

കാരാട്ട് ജനറല്‍സ സെക്രട്ടറിയായിരുന്നപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് യെച്ചൂരി തന്നെയായിരുന്നു. 98ല്‍ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയത് യെച്ചൂരി-കാരാട്ട് തര്‍ക്കമായിരുന്നുവെന്ന ആരോപണവും ഇതിനിടയില്‍ ഉണ്ടായി. പാര്‍ലമെന്റില്‍ 33 അംഗങ്ങള്‍മാത്രമുള്ള സിപിഎമ്മിന് ബസു പ്രധാനമന്ത്രിയായാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു വാദം. സുര്‍ജിത്തിനുശേഷം കാരാട്ട് പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി. പാര്‍ട്ടിയുടെ ശോഭനമായ ഭാവിക്ക് ഈ നേതൃത്വം ഗുണകരമാവുമെന്ന് അന്നു പ്രതികരിച്ച യെച്ചൂരി പിന്നീട് ജനറല്‍സെക്രട്ടറിയുടെ വിമര്‍ശകനായി. പത്തുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിച്ചത് കാരാട്ടിന്റെ നേതൃത്വമാണെന്ന് ഒളിയമ്പുകളെയ്തു.

ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെയും യെച്ചൂരി വിമര്‍ശിച്ചു.ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയതില്‍ കാരാട്ടിനോടുള്ള ബംഗാള്‍ഘടകത്തിന്റെ എതിര്‍പ്പിനുപിന്നില്‍ യെച്ചൂരിയുടെ പിന്തുണയുണ്ടായിരുന്നു. ഇടതുഭരണത്തിന്റെ തകര്‍ച്ചയിലേക്കുനയിച്ച നന്ദിഗ്രാം, സിംഗൂര്‍ പ്രക്ഷോഭത്തിനു കാരണമായ വ്യവസായവത്കരണത്തെ വേണ്ടത്ര പ്രതിരോധിക്കാന്‍ ദേശീയനേതൃത്വത്തിനായില്ലെന്ന് ബംഗാള്‍ഘടകം വിമര്‍ശിച്ചത് കാരാട്ടിനെ ഉന്നംവെച്ചായിരുന്നു. കേരളത്തില്‍മാത്രമാണ് ഇപ്പോള്‍ ശക്തമായ അടിത്തറ പാര്‍ട്ടിക്കുള്ളത്. കേരളത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു യെച്ചൂരി ആദ്യമായി പര്‍ട്ടി തലപ്പത്തേക്കെത്തിയത്.

വിദ്യാര്‍ഥി നേതാവായിരിക്കെത്തന്നെ യെച്ചൂരിയ്‌ക്കെതിരേ കേരളം കരുക്കള്‍ നീക്കിയിരുന്നു. സി.പി.ജോണിനെ ഭാരവാഹിയാക്കാനുള്ള കേരളത്തിന്റെ സമ്മര്‍ദം അതിജീവിച്ചാണ് യെച്ചൂരി എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റാവുന്നത്. പിന്നീട്, പിണറായി വിജയനും വി.എസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ദേശീയനേതൃത്വത്തിലും ചേരിതിരിവുകളിലേക്കു നയിച്ചു. വിഎസിനെ സംരക്ഷിക്കുന്ന നിലപാടെടുത്തതും യെച്ചൂരിയെ കേരളഘടകത്തിന്റെ ശത്രുവാക്കി. ഏറ്റവുമൊടുവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയെത്തുന്നത് തടയാനും കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നിടത്തേക്കുവരെ കാര്യങ്ങള്‍ എത്തി.

വി.എസിനെ സംരക്ഷിച്ച് യെച്ചൂരി നിലയുറപ്പിച്ചത്, കേരളനേതൃത്വത്തിന്റെ ശത്രുവാക്കി. ബംഗാള്‍ചേരി എതിരായതോടെ കാരാട്ടിന് കേരളത്തിന്റെ പിന്തുണതേടേണ്ടിവന്നു. വിഭാഗീയത തടയുന്നതില്‍ നിഷ്‌ക്രിയനായ കാരാട്ട്, ഔദ്യോഗികപക്ഷത്തിന്റെ സമ്മര്‍ദത്തിലാണെന്ന് ആക്ഷേപമുയര്‍ന്നു. ഏറ്റവുമൊടുവില്‍ ജനറല്‍സെക്രട്ടറിസ്ഥാനത്തേക്ക് യെച്ചൂരിയെ തടയുന്നതില്‍ കേരളഘടകം ഒറ്റക്കെട്ടായി നില്‍ക്കുന്നതുവരെ കാര്യങ്ങളെത്തി.

പാര്‍ട്ടിയില്‍ യെച്ചൂരിയുടെ അഭിപ്രായത്തെ ഭൂരിപക്ഷം ആളുകളും തള്ളിയെങ്കിലും തന്റെ പക്ഷം വാദിച്ചു ജയിക്കാന്‍ യെച്ചൂരിയ്ക്കു കഴിഞ്ഞിരുന്നു. കേരളത്തില്‍ വിഎസ് ഉയര്‍ത്തുന്ന വാദങ്ങളോട് സാമ്യമുള്ളതായിരുന്നു യെച്ചൂരിയുടെ വാദങ്ങളും.എന്നാല്‍, തകര്‍ച്ചയില്‍നിന്നു പാര്‍ട്ടിയെ മുന്നോട്ടുനയിക്കാനുള്ള ബംഗാളിന്റെ അടിയുറച്ച നിലപാടിനുമുന്നില്‍ കേരളം കീഴടങ്ങി. സ്വന്തം ദേശത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ആദ്യമായി സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.

1952 ആഗസ്ത് 12ന് ചെന്നൈയിലെ തെലുഗു ബ്രാഹ്മണകുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന്‍ സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ കല്‍പ്പാക്കം യെച്ചൂരി സാമൂഹികപ്രവര്‍ത്തകയായിരുന്നു. മുത്തച്ഛന്‍ ഭീമ ശങ്കര്‍ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. അദ്ദേഹവും കുടുംബവും പിന്നീട് ഡല്‍ഹിക്കു ചേക്കേറി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെഎന്‍യുവില്‍ ചേര്‍ന്നു. ഇവിടെവെച്ചാണ് മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനാകുന്നത്.
പഠനശേഷം ഉയര്‍ന്ന ജോലി കിട്ടുമായിരുന്നിട്ടും യെച്ചൂരിയ്ക്കു താല്‍പര്യം രാഷ്ട്രീയമായിരുന്നു. സംസ്ഥാനതലത്തില്‍ ഒരുപദവിയും വഹിക്കാതെയാണ് പാര്‍ട്ടിയുടെ സമുന്നതപദവിയിലേക്കുള്ള യെച്ചൂരിയുടെ പ്രവേശനം. ഇതുവരെ ഒരുതിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഇന്ന് ഏറ്റവും വ്യക്തിപ്രഭാവമുള്ള കമ്യൂണിസ്റ്റ് നേതാവാണ് യെച്ചൂരി.

Related posts