കോട്ടയം: പാത്താമുട്ടം, കുഴിമറ്റം മേഖലയില്‍ ആടുകളെ ആക്രമിച്ച അജ്ഞാതജീവിയെ ഇനിയും കണ്ടുപിടിക്കാനായില്ല. വനം വകുപ്പ് അധികൃതര്‍ സ്ഥാപിച്ച കാമറയില്‍ പതിയുന്നത് നായയും പൂച്ചയും മാത്രം. കഴിഞ്ഞ ദിവസവും അജ്ഞാത ജീവീയുടെ ആക്രമണം കുഴിമറ്റം മേഖലയില്‍ ഉണ്ടായി. അജ്ഞാത ജീവിയെ കണ്ട രണ്ടു വീട്ടുകാര്‍ ചെന്നായ ആണെന്ന് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ പിന്നീട് കാമറയില്‍ പതിഞ്ഞ ജീവികളില്‍ അജ്ഞാത ജീവിയില്ല. കുഴിമറ്റം എരുമത്താനംകുന്ന് എം.സി. ജോസഫിന്റെ ആടുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായത്.
കൂട്ടില്‍ നിന്നും ആടുകളുടെ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ചെന്നായയെ പോലുള്ള ജീവി ആടിനെ ആക്രമിക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ വരുന്നതു കണ്ട് അജ്ഞാതജീവി ആടിനെ കടിച്ചുവലിച്ചു കൊണ്ട് ഓടി. പുറകെ ഓടിയ വീട്ടുകാര്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ നിന്നും ആടിനെ രക്ഷിക്കുകയായിരുന്നു. ആടിനെ രക്ഷിക്കുന്നതിനിടെ ജോസഫിനെയും അജ്ഞാതജീവി ആക്രമിക്കാന്‍ ശ്രമിച്ചു.
തകിടിയേല്‍ തങ്കപ്പന്റെ വീട്ടിലെ ആടിനു നേരെയും അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായി. ചെന്നായയുടെ രൂപത്തിലുള്ള മൂന്നു ജീവികളെ കണ്ടതായി അവരും പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ കുഴിമറ്റം മൈലാടുംപാറയില്‍ വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകളെ അജ്ഞാതജീവി കൊല്ലുകയും, രണ്ടു ആട്ടിന്‍ കുട്ടികളെ മൃതപ്രായമാക്കുകയും ചെയ്തിരുന്നു. അതോടെയാണ് അജ്ഞാത ജീവിയുടെ സാന്നിധ്യം കുഴിമറ്റം ഭാഗത്ത് ഉണ്ടായത്. അജ്ഞാതജീവിയെ കുടുക്കാന്‍ വനംവകുപ്പ് അധികൃതര്‍ കാമറയും കൂടും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാരും രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്.