പൃഥ്വിരാജ് സംവിധായകന്റെ വേഷം അണിയുമോ എന്ന ചോദ്യം നിരവധി തവണ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അതു സംഭവിക്കുമായിരിക്കും എന്നായിരുന്നു പൃഥ്വിയുടെ ഇതുവരെയുള്ള മറുപടി. എന്നാല്‍ വൈകാതെ പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം പുറത്തുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.
മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് “ലൂസിഫര്‍’ എന്നാണ്. നായകന്‍ മറ്റാരുമല്ല, നമ്മുടെ സ്വന്തം ലാലേട്ടന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാര്‍ ചിത്രം നിര്‍മിക്കും. പൃഥ്വി ഇക്കാര്യം തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫിയോടെയാണ് അദ്ദേഹം സംവിധാന സംരഭത്തിന്റെ വാര്‍ത്ത പരസ്യമാക്കിയത്. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഈ ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി മലയാളികളുടെ മനംകവര്‍ന്ന പൃഥ്വി സംവിധാന രംഗത്തുകൂടി ചുവടവയ്ക്കുന്ന ചിത്രമെന്ന ചരിത്രവും ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പേരിലാകും.
ഓണക്കാലത്ത് പൃഥ്വിരാജ് നായകനാകുന്ന ഊഴവും മോഹന്‍ലാല്‍ നായകനായ ഒപ്പവും തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് പുതിയ വാര്‍ത്ത വന്നത്. അപ്രതീക്ഷിതമായ വാര്‍ത്ത എന്നാണ് ആരാധകര്‍ പൃഥ്വിയുടെ പോസ്റ്റിനോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതോടെ ഇനി കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.