പാലക്കാട്: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ ഉള്‍പ്പടെയുള്ള അണക്കെട്ടുകളില്‍ ജലനിരപ്പ് അനുദിനം കുറയുന്നു. ഇതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് സൂചന. പത്തുലക്ഷം പേര്‍ക്ക് കുടിവെള്ളം നല്കുന്ന മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നുള്ള നീരൊഴുക്ക് നിലച്ചിട്ട് ഇപ്പോള്‍ മാസത്തോളമായി. സംസ്ഥാനത്ത് മാര്‍ച്ചോടെതന്നെ വേനല്‍ കനത്ത സാഹചര്യത്തില്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയായാണ് അണക്കെട്ടിന്റെ ജലനിരപ്പ് കുറയുന്നതിനെ കാണുന്നത്. അഞ്ചു വര്‍ഷം മുമ്പ് ജില്ലയിലനുഭവപ്പെട്ട കൊടും വരള്‍ച്ചയുടെ കാലാവസ്ഥാ സ്ഥിതിവിശേഷത്തിലേക്ക് ഈ വര്‍ഷവും നീങ്ങുമെന്ന ആശങ്ക ജില്ലയിലെ മലമ്പുഴ അണക്കെട്ടിനെ ആശ്രയിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ജലനിരപ്പ് നൂറിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത് 107.41 മീറ്റര്‍ ആണ്. പ്രതിദിനം ഒരു മീറ്റര്‍ എന്ന നിലയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ജൂണ്‍മാസംവരെ കുടിവെള്ളത്തിനുള്ള ജലം ഡാമിലുണ്ടെന്നാണ് ജലസേചന വകുപ്പധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ കണക്കുപ്രകാരം വെള്ളം ആഴ്ചകളോളമേ ശേഷിക്കൂ എന്നതാണ് അവസ്ഥ,. അണക്കെട്ടില്‍നിന്നും കൃഷിക്കായി വെള്ളം തുറന്നുവിടാന്‍ കഴിയാത്ത സ്ഥിതിയാവും കരുതല്‍ ജലം ഒഴിച്ചാല്‍ കുടിവെള്ള വിതരണത്തിനുപോലും വരും നാളുകളില്‍ വെള്ളം തികയാത്ത സ്ഥിതിയിലാകും.
226 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ഇപ്പോഴുള്ളതാകട്ടെ 34.691 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണെന്നത് വരാനിരിക്കുന്ന ജലദൗര്‍ലഭ്യതയെ സൂചിപ്പിക്കുന്നു. പാലക്കാട് നഗരത്തിനു പുറമെ പരിസര പഞ്ചായത്തുകളായ കണ്ണാടി, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി എന്നിവിടങ്ങളിലും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്് മലമ്പുഴ അണക്കെട്ടിനെയാണ്. പെരിങ്ങോട്ടുകുറുശ്ശിവരെയുള്ള വാലറ്റ പ്രദേശങ്ങളിലേക്കും കാര്‍ഷികാവശ്യത്തിനായുള്ള വെള്ളമെത്തിക്കുന്നത് മലമ്പുഴയില്നിന്നാണെന്നതിനാല് ഈ മേഖലയിലെ കാര്‍ഷികവിളവെടുപ്പും പ്രതിസന്ധിയിലാവും.
ഇത്തവണ രണ്ടാഴ്ചയാണ് ആകെ കാര്‍ഷികാവശ്യത്തിനായി മലമ്പുഴ അണക്കെട്ടില്‍നിന്നും വെള്ളം തുറന്നുവിട്ടിട്ടുള്ളത്. എന്നാല്‍ വെള്ളം ഇനിയും തുറന്നുവിടണമെന്നതാണ് കര്‍ഷകരുടെയും സംഘടനകളുടെയും ആവശ്യം . വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ചൂട് കൂടുന്ന ഏപ്രില്‍-മെയ് മാസങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് ജലവിഭവവകുപ്പ് പറയുന്നത്. ജില്ലയില്‍ കുടിവെള്ളത്തിനായി മലമ്പുഴ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പാലക്കാട് നഗരത്തിലാവും ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയെന്നത് നഗരവാസികളില്‍ ഏറെ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുകയാണ്.
മലമ്പുഴ അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശമായ ആനക്കല്ല്, മാന്തുരുത്തി വനമേഖലകളില്‍ ലഭിച്ച മഴയുടെ അളവ് ഇത്തവണ കൂടിയെങ്കിലും മാര്‍ച്ച് ആകുമ്പോഴേക്കും ഡാമില്‍ വെള്ളമില്ലാതായികഴിഞ്ഞു. ഇത് കനത്ത ചൂടു കാരണമാണെന്നാണ് വിലയിരുത്തലുകള്‍. അണക്കെട്ടിന്റെ നീര്ചാല് പ്രദേശങ്ങളില്‍ കുഴിയെടുത്ത് ഊറി വരുന്ന വെള്ളത്തെയാണിപ്പോള് ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇതിനുപുറമെ മേഖലയിലെ ആദിവാസികോളനികളും കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. ജില്ലയിലെ പ്രധാന വ്യവസായമേഖലയായ കഞ്ചിക്കോട്ടെ നിരവധി കമ്പനികള്‍പോലും മലമ്പുഴയില്‍നിന്നുള്ള വെള്ളം വന്‍തോതില്‍ വ്യാവസായികാവശ്യത്തിനായുപയോഗിക്കുന്നുണ്ട്. കൂടാതെ വാളയാര്‍ ഡാമിലും ജലനിരപ്പ് പാടെ താഴ്ന്നിട്ടുണ്ട്.