അധികൃതര്‍ കൈമലര്‍ത്തി; വീടും പുരയിടവും തകര്‍ച്ചയുടെവക്കില്‍

TVM-VEEDUപാലോട് : ചിപ്പന്‍ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ അശാസ്ത്രീയമായി മണ്ണിടിച്ചു നീക്കിയതോടെ സമീപവാസിയുടെ വീടും പുരയിടവും തകര്‍ച്ചയുടെ വക്കിലായി. വീട് സ്ഥിതിചെയ്യുന്ന മണ്‍തിട്ട ഇരുപത്തഞ്ച് അടി താഴ്ചയില്‍ ഇടിച്ചു നീക്കുകയായി രുന്നു. വീടിനും പുരയിടത്തിനും സുരക്ഷാഭിത്തി നിര്‍മിക്കുമെന്ന ഉറപ്പു നല്കി മണ്ണിടിച്ചു നീക്കിയ മരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരനും ഇപ്പോള്‍ കൈമലര്‍ത്തുന്നതായാണ് പരാതി. ചിപ്പന്‍ചിറ ശ്രീജിത് ഭവനില്‍ ടി.ശ്രീകുമാറിന്റെ ഓടുമേഞ്ഞ വീടാണ് അപകടാവസ്ഥയിലായത്.ആകെയുള്ള മൂന്നു സെന്റ് പുരയിടവും തകര്‍ച്ചയുടെ വക്കിലാണ്.

അനുയോജ്യമായ സ്ഥലവും വീടും നല്കിയാല്‍ തന്റെ പുരയിടം വിട്ടുകൊടുക്കാമെന്ന് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ ശ്രീകുമാര്‍ അധികൃതരെ അറിയിച്ചിരുന്നതാണ്.എന്നാല്‍,അതിന്റെ ആവശ്യമില്ലെന്നും ഇടിക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ഭിത്തി പണിതു സംരക്ഷിക്കുമെന്നുമായിരുന്നു ബന്ധപ്പെട്ടവരുടെ ഉറപ്പ്. പാലം പണി പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഭിത്തി നിര്‍മാണം അടഞ്ഞ അധ്യായമാണെന്ന മറുപടിയാണ് കരാറുകാരനില്‍ നിന്ന് ലഭിച്ചതെന്ന് ശ്രീകുമാര്‍ പരാതിപ്പെടുന്നു.ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്കിയിട്ടുണ്ട്.

Related posts