സിനിമയില്‍ നിന്നു വിട്ടുനിന്നതോടെ സൗഹൃദങ്ങള്‍ ഇല്ലാതായി…ആരോ അയച്ചു തന്ന മണിച്ചേട്ടന്റെ ആ ഫോട്ടോകണ്ടതും ഞാന്‍ ഞെട്ടിപ്പോയി; ഇന്ദ്രജ തുറന്നു പറയുന്നു…

കലാഭവന്‍ മണിയുടെ മരണം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് നടി ഇന്ദ്രജ. തനിക്ക് മലയാള സിനിമയില്‍ ഏറ്റവും അടുപ്പം മണിച്ചേട്ടനോടായിരുന്നെന്നും നടി പറയുന്നു.’ നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് നടി ഇപ്പോള്‍. മണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ലെന്ന് ഇന്ദ്രജ പറയുന്നു.

‘സെറ്റില്‍ മണിച്ചേട്ടനെത്തിയാല്‍ ആകെ ഉത്സവമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. ‘മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു. സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ കാണുന്നത്. അതില്‍ ഒരുപാടു ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാന്‍ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. പിന്നീടാണ് ആരോ ‘ഞകജ’ എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാന്‍. പിന്നെ, ചാനലിലെ വാര്‍ത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം’ ഇന്ദ്രജ പറഞ്ഞു.

Related posts