അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: ശരീരഭാഗങ്ങള്‍ കണ്ടെത്തി; ഉടല്‍ ചങ്ങനാശേരി വെരൂരിനു സമീപത്തുനിന്നും തല ചിങ്ങവനം പോലീസ് സ്റ്റേഷന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്

sherin2ചങ്ങനാശേരി/ചെങ്ങന്നൂര്‍: അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ സ്വദേശിയെ മകന്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ശരീരഭാഗങ്ങള്‍ ചങ്ങനാശേരിയില്‍ നിന്നും ചിങ്ങവനത്തുനിന്നുമായി കണ്ടെത്തി. ഇന്നലെ ചെങ്ങന്നൂര്‍ വാഴാര്‍ മംഗലത്ത് ഉഴത്തില്‍ ജോയി.പി.ജോസഫിന്റെതെന്നു കരുതുന്ന ഇടതു കൈ പാണ്ടനാട് ഇടക്കടവില്‍ നിന്നും കണ്ടെത്തിയിരുന്നു.

ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ മടുക്കംമൂടിനടുത്ത്  വെരൂരില്‍ ശീമോനി ഗാര്‍ഡന്‍സിന്റെ കവാടത്തിനടുത്തുള്ള മണ്‍കൂനയ്ക്കകത്തുനിന്നാണ് തലയില്ലാത്ത ഉടല്‍ഭാഗം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൈ തോള്‍ ഭാഗത്ത് വച്ചും കാല്‍ മുട്ടിന് താഴെയും മുറിച്ചു നീക്കിയ നിലയിലാണ്. ചെങ്ങന്നൂരില്‍നിന്ന് പോലീസ് സംഘം എത്തിച്ച പ്രതി ഷെറിനാണ് മൃതദേഹത്തിന്റെ ഉടല്‍ഭാഗം കാട്ടിക്കൊടുത്തത്. ഇന്നു രാവിലെ 10.20-നാണ് ഉടല്‍ഭാഗം കണ്ടെടുത്തത്. മണ്‍കൂനയ്ക്കുള്ളില്‍ മൂടിയ നിലയിലായിരുന്നു ഉടല്‍ഭാഗം. മൃതദേഹം പല കഷണങ്ങളായി മുറിച്ച് ചാക്കില്‍കെട്ടിയാണ് മണ്ണിനടിയിലാക്കിയതെന്നു ഷെറിന്‍ പോലീസിനോടു പറഞ്ഞത്.

ചെങ്ങന്നൂര്‍, തിരുവല്ല, മാവേലിക്കര, എടത്വ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസ് സംഘമാണ് പ്രതിയുമായി ചങ്ങനാശേരിയില്‍ എത്തിയത്. ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് ഉടല്‍ഭാഗം കണ്ടെത്തിയത്. മൃതദേഹം മണ്ണില്‍നിന്നു പുറത്തെടുത്തതോടെ പ്രദേശമാകെ ദുര്‍ഗന്ധം വ്യാപിച്ചു. സംഭവം കേട്ടറിഞ്ഞ് വന്‍ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പിതാവിന്റെ മൃതദേഹാവശിഷ്ടം മണ്ണിനടിയിലുണ്ടെന്ന് കാട്ടിക്കൊടുക്കുമ്പോഴും പ്രതി ഷെറിന് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു. തുടര്‍ന്ന് ഇയാളെ കനത്ത സുരക്ഷയില്‍ പോലീസ് വാഹനത്തില്‍ കയറ്റിയിരുത്തി. തല ചിങ്ങവനം പോലീസ്‌റ്റേഷന് തെക്ക് ഭാഗത്ത് എം.സി.റോഡിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ നടന്ന ചോദ്യംചെയ്യലിലാണ് ഷെറിന്‍ ഈ കാര്യങ്ങളൊക്കെ പോലീസിനോട് പറഞ്ഞത്. രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി ഇവ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ 25ന് ഇവരുടെ ഉടമസ്ഥതയിലുള്ള സ്ക്വാഡാ കാര്‍ സര്‍വീസിങ്ങിന് കൊടുക്കാനായി പോയ ഇവരെ കാണാതായി എന്ന ജോയിയുടെ ഭാര്യയുടെ പരാതിയിന്‍ മേലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. രാവിലെ കാര്‍ നന്നാക്കാനായി പോയ ഇവര്‍ ഇത് നടക്കാഞ്ഞതിനെ തുടര്‍ന്ന് 12.30 ഓടെ തിരുവന്തപുരത്തുനിന്നും നാട്ടിലേക്ക് തിരിച്ചിരുന്നു.

പിന്നീട് 4.30ഓടെ ഭാര്യ മറിയാമ്മ ജോയിയെ ബന്ധപ്പെട്ടപ്പോള്‍ മുളക്കുഴയെത്തിയെന്ന് അറിയിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.  പിന്നീട് രാത്രിയോടെ ഷെറിന്‍ വീട്ടിലേക്ക് വിളിച്ച് മാതാവിനോട് താന്‍ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിംഗ്‌സില്‍ നിന്ന് മാംസം കത്തിച്ചതിന്റെ ഭാഗങ്ങളും തുണികഷ്ണങ്ങളും ജോയിയുടെ ചെരുപ്പും ഷര്‍ട്ടിലെ ബട്ടന്‍സും മറ്റും കണ്ടെത്തിയിരുന്നു.

ഷെറിന്റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഷെറിന്‍ കോട്ടയത്തുനിന്ന് പിടിയിലാകുകയായിരുന്നു. ഷെറിന്‍ സഞ്ചരിച്ചിരുന്ന സ്‌കോഡാകാറും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോട്ടയത്ത് നിന്ന് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇവര്‍ തമ്മില്‍ മുളക്കഴയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായിയെന്നും ഇതിനെ തുടര്‍ന്ന് ജോയി ഷെറിനുനേരെയെടുത്ത തോക്ക് ഷെറിന്‍ പിടിച്ചുമേടിച്ച് കാറിനുള്ളില്‍ വെച്ച് ജോയിയെ വെടിവെച്ചു വീഴ്ത്തുകയും. മൃതദേഹവുമായി ടൗണില്‍ കറങ്ങിനടന്ന ശേഷം ഗോഡൗണിലെത്തിച്ച് മൃതശരീരം കത്തിച്ച്. കൈയ്യും കാലും മുറിച്ച്  ചാക്കുകെട്ടിലാക്കി നദിയിലൊഴുക്കുകയുമാണെന്ന് ചെയ്തതെന്നാണ് ഷെറിന്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കാരണമായത് പിതാവിന്റെ വഴിവിട്ട ജീവിതവും സ്വത്തുതര്‍ക്കവുമാണെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

ഷെറിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് പോലീസിനെ കുഴയ്ക്കുകയാണ്. മുളക്കുഴയില്‍ കാറിനുള്ളില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നുള്ളതും. പിന്നീട് അത് മാറ്റി ഗോഡൗണില്‍ വെച്ചാണ് കൃത്യം നിര്‍വഹിച്ചെന്നു പറഞ്ഞതും. ചാക്കില്‍ കെട്ടി മൃതദേഹം ഒഴുക്കികളഞ്ഞെന്നു പറഞ്ഞശേഷം ശരീരം വെട്ടിമുറിച്ചാണ് ഒഴുക്കിയതെന്നും പറഞ്ഞതുമൊക്കെയാണ് പോലീസിനെ കുഴക്കുന്നത്. ഗോഡൗണിന്റെ ഇടനാഴിയില്‍ രക്തം തെറിച്ചിരിക്കുന്നതായ് കണ്ടതും കാറിലെ രക്ത കറകളും പോലീസിനെ കുഴയ്ക്കുകയാണ്. ഇത് ആസുത്രിതമായ കൊലപാതകമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഷെറിന്റെ മാതാവായ മറിയാമ്മയേയും സഹോദരന്‍ ഡേവിഡിനേയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹത്തിന്റെ ഇടതുകൈയ്യുടെ ഭാഗം പാണ്ടനാട് ഇടക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇത് ജോയി്.പി.ജോണിന്റെതാണെന്നാണ് പോലീസിന്റെ നിഗമനം. മുങ്ങല്‍ വിദഗ്ധര്‍ ഷെറിന്‍ പറഞ്ഞ പലഭാഗങ്ങളിലും ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും മറ്റൊന്നും കാണാനായിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രിയോടെ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി ചങ്ങനാശേരിയിലും ചിങ്ങവനത്തുമായി ശരീരഭാഗങ്ങള്‍ തള്ളിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. രാവിലെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Related posts