ചേര്ത്തല: അന്നദാനത്തിനു പായസം കിട്ടിയില്ലെന്ന പേരില് ക്ഷേത്രത്തില് ഗുണ്ടാസംഘത്തിന്റെ അക്രമം. ക്ഷേത്രം ഓഫീസിലും പാചകപ്പുരയിലും അക്രമം നടത്തിയ സംഘം ക്ഷേത്രം സെക്രട്ടറിയെ ആക്രമിച്ചു.കളവംകോടം ശക്തീശ്വരക്ഷേത്രത്തില് വ്യാഴാഴ്ച മൂന്നോടെയായിരുന്നു സംഭവങ്ങള്.
അക്രമത്തില് സാരമായി പരിക്കേറ്റ ദേവസ്വം സെക്രട്ടറി വി.വി. ശാന്തകുമാറിനെ (59) ചേര്ത്തല താലൂക്ക് ആശുപത്രിയിലും തുടര്ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്ഷേത്രത്തില് ശിവപുരാണ തത്ത്വസമീക്ഷ യജ്ഞം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിരുന്നു അന്നദാനം. ക്ഷേത്ര ഓഫീസ് അക്രമത്തില് ക്ഷേത്രത്തിലെ തിടമ്പിനടക്കം നാശമുണ്ടാക്കിയിട്ടുണ്ട്.
നിലവിളക്കുകളും ഓഫീസ് സാമഗ്രികളും സംഘം തകര്ത്തു. പാചകപ്പുരയിലും സാമഗ്രികള് തല്ലിതകര്ത്തു. തടിവിറകുമായും പിന്നീട് നിലവിളക്കുപയോഗിച്ചുമാണ് സെക്രട്ടറിക്കു നേരേ അക്രമം നടത്തിയതെന്ന് ക്ഷേത്രഭാരവാഹികള് പറഞ്ഞു. സ്ത്രീകള്ക്കു നേരേയും അക്രമമുണ്ടായി.പ്രദേശത്തു നിരന്തരം പ്രശ്നങ്ങള് സൃഷ്ടിക്കുന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.
ഏതാനും നാളുകള്ക്കു മുമ്പ് പ്രദേശത്തെ ഗുണ്ടാസംഘങ്ങള് പോലീസിന്റെ ശക്തമായ ഇടപെടലില് പത്തിതാഴ്ത്തിയിരുന്നു. അടുത്തിടെ മുതല് വീണ്ടും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയായി മാറിയതായാണ് പരാതികള്. 2.30 വരെയാണ് അന്നദാനം നിശ്ചയിച്ചിരുന്നത്.
മൂന്നിനുശേഷം എത്തിയവരാണ് പായസം കിട്ടിയില്ലെന്ന പേരില് അക്രമം നടത്തിയതെന്നാണ് പരാതി. ക്ഷേത്ര തിടമ്പടക്കം നശിപ്പിക്കുകയും സെക്രട്ടറിയെ ഓഫീസില് കയറി അക്രമിക്കുയും ചെയ്തവര്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് എസ്എന്കെവി യോഗം (ക്ഷേത്രസമിതി യോഗം) ആവശ്യപ്പെട്ടു.
ചേര്ത്തല പോലീസില് പരാതി നല്കി. യോഗത്തില് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജിമോഹന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി. രാജേന്ദ്രപ്രസാദ്, സുരേഷ് നല്ലേടന്, തുടങ്ങിയവര് പ്രസംഗിച്ചു.

