അമ്പംകുന്നിലും പരിസരങ്ങളിലും കവുങ്ങിന് ഉണക്കഭീഷണി

PKD-PANEERമണ്ണാര്‍ക്കാട്: വേനല്‍ ശക്തമായതോടെ അമ്പംകുന്നിലും പരിസരപ്രദേശങ്ങളിലും കവുങ്ങിന്‍തോട്ടം കരിഞ്ഞുണങ്ങി തുടങ്ങി. തെങ്കര ഗ്രാമപഞ്ചായത്തിലെ അമ്പംകടവ്, അമ്പംകുന്ന് എന്നിവിടങ്ങളിലാണ് കടുത്ത വെള്ളക്ഷാമംമൂലം കവുങ്ങിന്‍തോപ്പ് കരിഞ്ഞുണങ്ങുന്നത്. വേനലിനെ പ്രതിരോധിക്കാനായി ചില കര്‍ഷകര്‍ കവുങ്ങുകള്‍ പട്ടകൊണ്ട് കെട്ടിമറയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യാത്തവരുടെ കവുങ്ങളെല്ലാം ഉണങ്ങി. തെങ്കര പഞ്ചായത്തില്‍ മേലാമുറി, മെഴുകുംപാറ, തത്തേങ്ങലം എന്നിവിടങ്ങളിലും കവുങ്ങള്‍ ഉണങ്ങി.കവുങ്ങള്‍ക്കു പുറമേ അമ്പംകടവില്‍ തെങ്ങും ഉണങ്ങിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴ, തെങ്കര മേഖലകളിലേക്ക് കനാല്‍വഴി വെള്ളം എത്തുന്നുണ്ടെങ്കിലും വരള്‍ച്ചയ്ക്കു പരിഹാരമാകുന്നില്ലത്രേ. പുഴയുടെ ഇരുകരകളിലുള്ള കൃഷികള്‍പോലും കരിഞ്ഞു തുടങ്ങിയെന്ന് കര്‍ഷകര്‍ പറഞ്ഞു.പുഞ്ചക്കോട്, വട്ടപ്പറമ്പ് എന്നിവിടങ്ങളിലും കവുങ്ങ് കൂട്ടത്തോടെ ഉണങ്ങി നശിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍  കൃഷിനാശം നേരിട്ടവര്‍ക്ക് കൃഷിവകുപ്പ് ധനസഹായം നല്കിയിരുന്നു. എന്നാല്‍ ഇത്തവണ നാളിതുവരെയായി അത്തരം നടപടികളൊന്നുമുണ്ടായില്ലെന്നു കര്‍ഷകര്‍ പരാതിപ്പെട്ടു.

Related posts