അമരവിള: അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുന്നത്തുമല ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ക്ക് ഗുരുതരമായ ത്വക്ക് രോഗം കണ്ട് തുടങ്ങി. കുന്നത്തുമല സെറ്റില്‍മെന്റിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിക്കുന്ന എട്ട് കുട്ടികളില്‍ മൂന്നു പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. സ്കൂള്‍ തുറന്ന സമയത്ത് ഒരു കുട്ടിയുടെ കൈയില്‍ കണ്ട പാടുകള്‍ ഉടന്‍ അധ്യാപിക മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കുകയും ചെയ്തിരുന്നു . പക്ഷെ സ്കൂള്‍ തുറന്ന് രണ്ടു മാസം പിന്നിടുമ്പോള്‍ ത്വക്ക് രോഗം കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടി വ്യാപിക്കുകയാണ്.
നിലവില്‍ രണ്ടു പേര്‍ക്ക് പ്രകടമായും ഒരാള്‍ക്ക് ഭാഗികമായുമാണ് രോഗമുള്ളത്. ത്വക്ക് വരണ്ട് ചുരുങ്ങി ചിരങ്ങ് വന്ന് തുടങ്ങിയ അവസ്ഥയിലാണ്. കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നുണ്ടെങ്കിലും കൃത്യമായ രോഗ നിര്‍ണയം നടത്താതെയാണ് മരുന്ന് നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
തൊടുമല വാര്‍ഡിലെ 13 ഓളം സെറ്റില്‍മെന്റുകളില്‍ എത്തണമെങ്കില്‍ അമ്പൂരി കുമ്പിച്ചല്‍ കടവും താണ്ടി അഞ്ചു കിലോമീറ്ററോളം കാല്‍ നടയായി പോകേണ്ടതിനാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് നേരിട്ട് സെറ്റില്‍മെന്റുകളിലുള്ള സന്ദര്‍ശനം ഇല്ലെന്നാണ് പരാതി . കഴിഞ്ഞ ഊരുകൂട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്താത്തത് പരാതിയായി ആദിവാസികള്‍ ഉരിലെ മൂപ്പനെ അറിയിച്ചിരുന്നു. ഉടന്‍ രോഗ നിര്‍ണയം നടത്തി കൃത്യമായ പരിചരണം നല്‍കണമെന്നാണ് ആദിവാസികളുടെ ആവശ്യം.