അഴിയൂരില്‍ ലീഗ് നേതാവിന്റെ വീടിനുനേരെ ബോംബേറ്

kkd-bombവടകര: മുസ്ലീംലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.സി.എച്ച്.ലത്തീഫിന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ വീടിനും കാറിനും കേട് പറ്റി. ശബ്ദം കേട്ട് ലത്തീഫും കുടുംബവും പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. സമീപവാസികളും ഓടിയെത്തി.അക്രമികള്‍ ആരെന്നു വ്യക്തമല്ലെങ്കിലും സിപിഎമ്മുകാരാണെന്ന് കരുതുന്നതായി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനം നടക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകനുമായി കശപിശ നടന്നിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി യൂത്ത് ലീഗു പ്രവര്‍ത്തകരായ കല്ലാമല റഫീഘറില്‍ റസീഫ് (19), റാഹത്ത് മന്‍സില്‍ ഫായിസ് (18) എന്നിവര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ് ലീഗ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബേറിനെ കാണുന്നത്. അണ്ടിക്കമ്പനിക്കു മുന്നില്‍ നിന്നു കിഴക്കോട്ടുള്ള റോഡരികിലെ വീട്ടുചുമരില്‍ ബോംബ് കൊണ്ടു വിള്ളല്‍ വീണു. ഇതിനിടയിലാണ് വീട്ടുമുറ്റത്തെ കാറിന്റെ ഗ്ലാസ് തകര്‍ത്തത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി. അക്രമത്തെ ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തരയോഗം അപലപിച്ചു. നാട്ടില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുറ്റക്കാരെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Related posts