കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നികേഷ് കുമാറിനെ പ്രഖ്യാപിച്ചതോടെ അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകി. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗിലെ കെ.എം. ഷാജിയെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അഡ്വ. എ.വി. കേശവനാണ് അഴീക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി.
നികേഷ് കുമാര്‍ ഇന്നു മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കെ.എം. ഷാജി ഇന്നു രാവിലെ വളപട്ടണം, അഴീക്കോട്, നാറാത്ത് ഭാഗങ്ങളിലാണ് വീടുകള്‍ കയറി പ്രചാരണം നടത്തി. ആദ്യം സോഷ്യല്‍ മീഡിയ വഴിയും പിന്നീട് വ്യക്തികളെ കണ്ടും രണ്ടുഘട്ട പ്രചാരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്നാംഘട്ട പ്രചാരണത്തിലാണ് താനെന്ന് കെ.എം. ഷാജി പറഞ്ഞു.
അഴീക്കോട് മണ്ഡലം തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസമുണ്ട്. എതിര്‍ഭാഗത്ത് ആരായാലും യുഡിഎഫ് ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. അതാണ് എന്റെ വിജയ പ്രതീക്ഷയെന്നും ഷാജി പറഞ്ഞു. യുഡിഎഫ് നേതാക്കളായ എം.എന്‍. രവീന്ദ്രന്, പങ്കജാക്ഷന്, കെ.വി. ഹാരിസ്, മോഹനന് എന്നിവരും ഷാജിക്കൊപ്പമുണ്ടായിരുന്നു. പ്രചാരണത്തിന് കൊഴുപ്പേകാന്‍ പ്രവര്‍ത്തകര്‍ ബാന്‍ഡ് സംഘത്തോടൊപ്പമാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്.