അസ്വാഭാവികത! ബാങ്കില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം: വെടിപൊട്ടിയ ദൂരവും പരിക്കും യോജിക്കുന്നില്ല; ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം

gunനവാസ് മേത്തര്‍

തലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുയര്‍ത്തി ഫോറന്‍സിക് റിപ്പോര്‍ട്ട്. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്‍ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തിലാണ് കൂടുതല്‍ ദുരൂഹതയുളവാക്കിക്കൊണ്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്.

വെടിവെപ്പ് നടന്ന ബാങ്കില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വഭാവികത കണ്ടെത്തിയതോടെയാണ് ഈ കേസില്‍ കൂടുതല്‍ ദുരൂഹതയുളവായിട്ടുള്ളത്. പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ തലവനും പോലീസ് സര്‍ജനുമായ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയത്.

ഒരു മീറ്ററിനപ്പുറത്തു നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ ഈ അകലത്തില്‍ വെടി ഉതിര്‍ന്നാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ലെന്നാണ് ഡോ. ഗോപാലകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ഈ അകലത്തില്‍ നിന്നും വെടിയുതിര്‍ന്നാല്‍ ബുള്ളറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ തല ചിതറിപ്പോകുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും ഫോറന്‍സിക് സംഘം വിലയിരുത്തി.

സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ കാണുന്നത്. അതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ടെസ്റ്റ് ഫയര്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെടിപൊട്ടിയ ഡബിള്‍ ബാരല്‍ തോക്ക് കോടതിയുടെ അനുമതിയോടെ കുടുതല്‍ പരിശോധനക്കായി തിരുവനന്തപുരത്തേക്കയച്ചു. തോക്ക് ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം ടെസ്റ്റ്ഫയര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടൗണ്‍ സിഐ പി.എം മനോജ് രാഷ്ട്രദീപികയോട് പറഞ്ഞു.

ജൂണ്‍ രണ്ടിന് രാവിലെ 9.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രന് (51) കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുള്ളതായും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ടു കൊണ്ട് വില്‍നയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു.

Related posts