കുളത്തുപ്പുഴ: ആദിവാസി ഭൂമിയില്‍ നിന്നും അല്‍ക്കേഷ്യ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ പോലീസുകാരന് ഉള്‍പ്പടെ അഞ്ചുപേര്‍ പിടിയില്‍. തിരുവനന്തപുരം എ ആര് ക്യാമ്പിലെ പോലീസുകാരനും ആയൂര്‍ ഇളമാട് ദീപാഭവനില്‍ സൈജു, തടി കടത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ തേവന്നൂര്‍ സരള ഭവനില്‍ അമല്‍കുമാര്‍, ചല്ലിമുക്ക് എക്സ് കോളനി ബ്ലോക്ക് നമ്പര്‍ 72 ല്‍ ബഷീര്‍, വട്ടകരിക്കം ബ്ലോക്ക് നമ്പര്‍ 1050ല്‍ അനി, പാലോട് എക്സ് കോളനി ബ്ലോക്ക് നമ്പര്‍ 67 ല്‍ അശോകന് എന്നിവരാണ് പിടിയിലായത്.
കടത്തിയ തടികള്‍, കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് എന്നിവയും ആയുധങ്ങളും വനപാലകര്‍ പിടികൂടിയിട്ടുണ്ട്. മടത്തറയിലെ പാമ്പ് ചത്തമണ്ണ് ആദിവാസി കോളനിയിലെ കൃഷ്ണമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന മരങ്ങളാണ് നിയമം ലഘിച്ചു മുറിച്ചു കടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും വാഹനവും തടികള്‍ അടക്കമുള്ള തൊണ്ടിമുതലുകളും പിടികൂടുന്നത്. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റര്‍ എന്‍ എസ് വിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബികെ ഡോണ്‍, പി ആര് അനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.