എനിക്കൊന്നും ആഗ്രഹിക്കാനില്ലാത്തതിനാല്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല! ആദ്യമായും അവസാനമായും ഒരു അമ്പലത്തില്‍ തൊഴുതത് അന്നാണ്; തന്റെ വിശ്വാസ ജീവിതത്തെക്കുറിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറയുന്നു

പ്രതിഭകൊണ്ടും വേറിട്ട നിലപാടുകള്‍കൊണ്ടും വ്യത്യസ്തനായ താരമാണ് ശ്രീനിവാസന്‍. നാടോടുമ്പോള്‍ നടുവേ ഓടാത്ത, എല്ലാക്കാര്യത്തിലും തന്റേതായ തീരുമാനങ്ങളും അഭിപ്രായങ്ങളുമുള്ള വ്യക്തി. ഒരു മാധ്യമത്തോട് സംസാരിക്കവെ തന്റെ മതവിശ്വാസത്തെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘ജാതിയും മതവുമൊന്നും ഒരിക്കലും എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റില്‍ ജാതി, മതം എഴുതിയിട്ടുണ്ട് എന്നു മാത്രമേയുള്ളു. ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. എനിക്ക് ഒരിക്കലും ജാതി ഒരു ആവശ്യമായോ പരിഗണനയായോ വന്നിട്ടില്ല.

അമ്പലങ്ങളിലോ ദൈവങ്ങള്‍ക്ക് മുമ്പിലോ ഞാന്‍ തൊഴുതിട്ടില്ല. അത്തരം ശീലങ്ങള്‍ എനിക്കില്ല. ഒരു രസകരമായ അനുഭവം പറയാം. ചിന്താവിഷ്ടയായ ശ്യാമളയുടെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് ശബരിമലയില്‍ വെച്ചായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഒരിടത്ത് ഞാനിരിക്കുകയായിരുന്നു.

ഒരാള്‍ വന്നു ചോദിച്ചു, സന്നിധാനത്ത് പോകണ്ടേയെന്ന്. ഞാന്‍ പറഞ്ഞു, വ്രതമൊന്നും എടുത്തിട്ടില്ല. ഷൂട്ടിങ്ങല്ലേ അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, സാരമില്ല ഞാന്‍ കൂടെ കൊണ്ടുപോകാമെന്ന്. എന്തായാലും ഷൂട്ടിങ്ങ് നടക്കണമല്ലോ. ഞാന്‍ കൂടെ വരാമെന്ന് പറഞ്ഞു. അദ്ദേഹം സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വലിയ തിരക്കായിരുന്നു അവിടെ.

തിരക്കില്‍ നിന്നൊക്കെ എന്നെ മാറ്റിനിര്‍ത്തി, ശ്രീകോവിലിനു മുന്‍പിലെത്തിച്ചു. വിശദമായി തൊഴുതുകൊള്ളാന്‍ പറഞ്ഞു. നന്നായി പ്രാര്‍ത്ഥിച്ചോളൂ എന്നും പറഞ്ഞു. എനിക്ക് എന്ത് പ്രാര്‍ത്ഥിക്കാന്‍? എനിക്കൊന്നും ആഗ്രഹിക്കാനില്ലല്ലോ. ഞാന്‍ പെട്ടെന്ന് പുറകോട്ട് മാറി. അപ്പോഴും അദ്ദേഹം പറഞ്ഞു. കുറേ നേരം കൂടി നിന്നോളൂ എന്ന്. ഞാനാകെ പെട്ടുപോയി. ഞാന്‍ ആദ്യമായും അവസാനമായും ഒരു അമ്പലത്തില്‍പ്പോയി തൊഴുതത് അപ്പോഴാണ്.

വീടിനടുത്ത് എന്റെ ചെറുപ്പക്കാലത്ത് ക്ഷേത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്ന് ക്ഷേത്രത്തില്‍ പോകേണ്ട കാര്യമില്ലായിരുന്നു. മറ്റ് കലാതാല്‍പ്പര്യങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ദൈവവിശ്വാസത്തെക്കുറിച്ചൊക്കെ ഒരുപാട് സംസാരിക്കേണ്ടതുണ്ട്. ഓരോരുത്തരും ആവശ്യം വരുമ്പോഴാണ് ദൈവത്തെ തേടുന്നത്. ബുദ്ധിമുട്ടുള്ളപ്പോള്‍ ദൈവം വേണം. ഇല്ലാത്തപ്പോള്‍ വേണ്ട. ഇത്തരമൊരു വിചിത്ര പരിപാടിയാണ് വിശ്വാസം. സത്യത്തില്‍ നാം മനുഷ്യനിലാണ് വിശ്വസിക്കേണ്ടത്. ശ്രീനിവാസന്‍ പറയുന്നു.

Related posts