കോട്ടയം: ബസ് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വയോധികനെ ബസില്‍ തന്നെ ആശുപത്രിയിലാക്കിയ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അഭിനന്ദന പ്രവാഹം. ചൊവാഴ്ച പുലര്‍ച്ചെ പാലായില്‍നിന്നും കോഴിക്കോട്ടേക്കു പോയ പാലാ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ബസ് എടപ്പാള്‍ കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ പഞ്ചിംഗിനായി നിര്‍ത്തി തിരികെ കണ്ടക്ടര്‍ ബസില്‍ കയറുമ്പോള്‍ ബസിന്റെ പിന്നില്‍നിന്നും നിലവിളി കേട്ടു.
“അയ്യോ… എനിക്കു വയ്യായേ… ഞാനിപ്പൊ മരിക്കുമേ… ഏട്ടാ എന്നെ പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോകൂ… എന്റെ ബിപി കൂടുന്നേ… ശ്വാസം മുട്ടുന്നേ… ബസിന്റെ പുറകിലത്തെ സീറ്റില്‍ യാത്ര ചെയ്ത വയോധികരായ രണ്ടുപേരില്‍ ഒരാളാണ് നിലവിളിക്കുന്നത്. ഉടന്‍ കണ്ടക്ടറായ പി.ടി. രാജേഷ് വിവരം അന്വേഷിച്ചു നെഞ്ചുവേദന അനുഭവപ്പെട വൃദ്ധനായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാനുള്ള സഹായം ഡിപ്പോ മാനേജരോടു ചോദിച്ചു. അഞ്ചുകിലോമീറ്റര്‍ അകലെയാണ് ആശുപത്രിയുള്ളത്. മറ്റു വാഹനങ്ങളൊന്നും കിട്ടിയുമില്ല.
ഉടന്‍ കണ്ടക്ടര്‍ രാജേഷും ഡ്രൈവര്‍ സാബു ചേര്‍ന്ന് ഉടന്‍തന്നെ ബസ് ആശുപത്രിയിലേക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും തീരുമാനത്തോട് യാത്രക്കാരും സഹകരിച്ചു. ലൈറ്റിട്ട് ആംബുലന്‍സ് പോകുന്നതുപോലെ ഹോണടിച്ച് എടപ്പാളിലെ ശുകപുരം ആശുപത്രിയില്‍ വയോധികനെ എത്തിച്ചു. കൃത്യസമയത്ത് യാത്രക്കാരനു ചികിത്സ ലഭിച്ചതിനാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലാതെ രക്ഷപ്പെട്ടു.
മനുഷ്യത്വം മരവിക്കാത്ത ഈ ജീവനക്കാരുടെ സത് പ്രവൃത്തി കെഎസ്ആര്‍ടിസി ജീവനക്കാരുടെ യശസ് ഉയര്‍ത്തിയിരിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇരുവരെയും പാലായിലെ സ്റ്റേഷന്‍മാസ്റ്റര്‍ അഭിനന്ദം അറിയിച്ചു. എടപ്പാള്‍ പെരുമ്പിലാവില്‍ അടുത്തദിവസം ഇരുവര്‍ക്കും നാട്ടുകാര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷമായി പാലാ ഡിപ്പോയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സാബു കൊഴുവനാല്‍ ഇടമുള സ്വദേശിയായണ്. ഏഴുവര്‍ഷമായി കണ്ടക്ടറായി ജോലി ചെയ്യുന്ന രാജേഷ് കുമാരനല്ലൂര്‍ സ്വദേശിയാണ്.