തൃശൂര്‍: മുഹമ്മദ് നിസാമിനെ ബംഗളരു യാത്രകളില്‍ വഴിവിട്ടു സഹായിച്ച പോലീസുകാര്‍ക്കെതിരെ നേരത്തെയും ഇപ്പോഴുമെടുത്ത രണ്ടു തരത്തിലുള്ള നടപടികളെച്ചൊല്ലി പോലീസിനകത്ത് അഭിപ്രായഭിന്നത. ചന്ദ്രബോസ് കൊല്ലപ്പെട്ടപ്പോള്‍ കസ്റ്റഡിയിലായിരുന്ന നിസാമിനേയും കൊണ്ട് ബംഗളുരുവിലേക്ക് തെളിവെടുപ്പിനായി പോയപ്പോഴും പോലീസ് നിസാമിനു വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. നിസാം ഫോണ്‍ ചെയ്തുകൊണ്ട് പോലീസുകാര്‍ക്കൊപ്പം നടക്കുന്നതടക്കമുള്ള ഫോട്ടോകള്‍ അന്നു പുറത്തുവന്നിരുന്നു.
അന്ന് ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല അവരില്‍ തെളിവു ശേഖരിക്കാനും ചോദ്യം ചെയ്യാനും ശ്രമിച്ച കമ്മീഷണര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടന്നെങ്കിലും മറ്റു നടപടികളൊന്നുമുണ്ടായില്ല. നിജസ്ഥിതി അറിയാന്‍ പോലീസുകാരോടും പ്രതി നിസാമിനോടും ഒറ്റയ്ക്കു സംസാരിച്ചതിന്റെ പേരില്‍ അന്നത്തെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ ഒരു വര്‍ഷത്തോളം സസ്പെന്‍ഷനില്‍ നിര്‍ത്തുകയും ചെയ്തു. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ജേക്കബ് ജോബ് തിരികെ സര്‍വീസിലെത്തിയത്.
ഈയിടെ മറ്റൊരു സംഘം പോലീസുകാര്‍ ബംഗളൂരുവിലേക്കു നിസാമിനെ കൊണ്ടുപോയപ്പോഴും വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു. ഇതു വെളിച്ചത്തായപ്പോള്‍ മൂന്നു പോലീസുകാരെ സസ്പെന്‍ഡു ചെയ്തു. ഒരേ തെറ്റിനു രണ്ടു തരം നടപടിയും നീതിയും. ഇതു പോലീസ് സേനക്കുള്ളില്‍ സംസാര വിഷയമായിരിക്കുകയാണ്.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആരോപിതരായ പോലീസുകാരെ സംരക്ഷിച്ചെന്ന് ആരോപണമുയരുകയും അന്വേഷണം നടത്തിയ സിറ്റി പോലീസ് കമ്മീഷണറെ സസ്പെന്‍ഡു ചെയ്യുകയും ചെയ്ത നടപടി വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോള്‍ അതേ കുറ്റം ചെയ്ത മറ്റെരു സംഘം പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നു ശഠിച്ചതു സേനയ്ക്കുള്ളില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ഒപ്പം ആരൊക്കെയോ ഉണ്ട്…. നിസാമിനെ പുറത്തുകൊണ്ടുപോകാന്‍ പോലീസുകാര്‍ക്കു മടി
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ കോടതിയിലേക്കും മറ്റുമായി ജയിലിനു പുറത്തേക്കു കൊണ്ടുപോകാന്‍ പോലീസുകാര്‍ മടിക്കുന്നു. നിസാമിനൊപ്പം ബംഗളരുവിലേക്കും മറ്റും പോയ പോലീസുകാര്‍ക്കു ” പണി കിട്ടിയതോടെ” യാണ് പോലീസുകാര്‍ നിസാമിനൊപ്പം പോകാന്‍ മടിക്കുന്നത്.
തൃശൂരിലിരിക്കെ നിസാമിനൊപ്പം ബംഗളുരുവിലേക്ക് പോയ പോലീസുകാര്‍ ഉന്നതരുടെ സഹായമനസ്കത കൊണ്ട് നടപടികളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും കണ്ണൂരില്‍നിന്ന് ബംഗളുരുവിലേക്ക് പോയ പോലീസുകാര്‍ ശിക്ഷാനടപടിക്കു വിധേയരായി. നിസാമിനെ ബംഗളരുവിലേക്കും മറ്റും കൊണ്ടുപോകുമ്പോള്‍ നിസാമിന്റെ സുഹൃത്തുക്കളും എന്തിനും തയാറായ അനുയായികളും ഒപ്പമുണ്ടാകുന്നുവെന്നതും കാവല്പോകുന്ന പോലീസുകാരെ ആശങ്കയിലാക്കുന്നുണ്ട്.
നിസാമിന്റെ സുഹൃത്തുക്കളും അനുയായികളും സമ്മര്‍ദ്ദങ്ങളും ഭീഷണിയും പ്രലോഭനങ്ങളുമായി എത്തുമ്പോള്‍ ഇതിനെ അതിജീവിച്ച് നിസാമിനെ കൊണ്ടുപോയി സുരക്ഷിതമായി ജയിലില്‍ തിരിച്ചെത്തിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് പോലീസുകാര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. നിസാമിനെ ബംഗളരുവിലേക്കും മറ്റും കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനസൗകര്യവും കൂടുതല്‍ പോലീസിനേയും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇതിന് നിയമതടസമുണ്ടെന്ന വാദംപറഞ്ഞ് ഈ ആവശ്യം നിരാകരിക്കുകയാണെന്ന് പറയുന്നു.