കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കുളള സൗജന്യ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടക്കും. 600രൂപയോ അതില്‍ കുറവോ പ്രതിമാസ വരുമാനമുളളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 15 ദിവസമെങ്കിലും തൊഴില്‍ ചെയ്ത കുടുംബങ്ങള്‍, വിവിധ ക്ഷേമപദ്ധതി- ക്ഷേമ ബോര്‍ഡില്‍ അംഗത്വമുളളവര്‍, ക്ഷേമ-സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍, ആശ്രയ കുടുംബങ്ങള്‍, ആംഗനവാടി ജീവനക്കാര്‍, ഹെല്‍പ്പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍, അംഗപരിമിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, ടാക്‌സി- ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, അഗതിമന്ദിരത്തിലെ അന്തേവാസികള്‍, എച്ച്‌ഐവി ബാധിതര്‍, ആക്രി-പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന കുടുംബങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം.
കുടുംബാംഗങ്ങളില്‍ ഒരാള്‍മാത്രം അക്ഷയകേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും. റേഷന്‍കാര്‍ഡ്, കുടുംബത്തിലെ എല്ലാ അംഗങ്ങളടേയും ആധാര്‍ കാര്‍ഡ് എന്നിവ രജിസ്‌ട്രേഷനു ഹാജരാക്കണം. റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍, സാക്ഷ്യപത്രം ഉള്‍പ്പെടുന്ന അപേക്ഷയാണ് നല്‍കേണ്ടത്. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും. റേഷന്‍ കാര്‍ഡ് നമ്പര്‍, ജില്ലാ, താലൂക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ് വാര്‍ഡ് നമ്പര്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പ്രായം, സ്ത്രീയോ പുരുഷനോ കുടുംബനാഥനുമായുളള ബന്ധം, വിലാസം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്.
വഴിയോര കച്ചവടക്കാര്‍, വീട്ടുവേലക്കാര്‍, റേഷന്‍ കാര്‍ഡില്ലാത്ത സാധു കുടുംബങ്ങള്‍, അഗതി മന്ദിരത്തിലെ അന്തേവാസികള്‍ എന്നിവര്‍ സമര്‍പ്പിക്കേണ്ടുന്ന ഫോറത്തിന് നിശ്ചിത നിരക്കില്‍ ഫീസ് നല്‍കേണ്ടതാണെന്ന് അക്ഷയ പദ്ധതി ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.