വടകര: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഉപയോഗിക്കാനാവാതെ ആയഞ്ചേരി ബസ് സ്റ്റാന്‍ഡ് വെറുതെ കിടക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് പണിത ബസ് സ്റ്റാന്‍ഡിനു മുന്നിലൂടെ ബസുകള്‍ തലങ്ങും വിലങ്ങും പായുന്നതല്ലാതെസ്റ്റാന്‍ഡിലേക്ക് കയറാന്‍ കൂട്ടാക്കുന്നില്ല. അനുദിനം വികസിച്ചുവരുന്ന ആയഞ്ചേരി ടൗണിലെ തിരക്ക് കണക്കിലെടുത്താണ് ആറുവര്‍ഷം മുമ്പു സ്റ്റാന്‍ഡ് പണിതത്. തീക്കുനി റോഡിനേയും തിരുവള്ളൂര്‍ റോഡിനേയും ബന്ധിപ്പിച്ചുള്ള സ്റ്റാന്‍ഡ് ഏറെ പ്രയോജനകരമാണെന്ന് കണക്കാക്കിയിരുന്നെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ ആരും മുന്നോട്ടുവന്നില്ല.
പൊതു ആവശ്യം കണക്കിലെടുത്ത് സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് 2002 ല്‍ മത്തായി ചാക്കോ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാന്‍ഡിന്റെ നിര്‍മാണം തുടങ്ങിയത്. ഇത് പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തു. നിര്‍മാണം കഴിഞ്ഞ് ആറുവര്‍ഷവുമായി. എന്നിട്ടും ബസുകള്‍ കൃത്യമായി കയറാത്ത സ്റ്റാന്‍ഡായി ഇതു തുടരുന്നു.
സ്റ്റാന്റ് കാര്യക്ഷമമായി വിനിയോഗിക്കുന്നതിനു വേണ്ടി ഈയിടെ ഗ്രാമ പഞ്ചായത്ത് കര്‍മ പദ്ധതിയുണ്ടാക്കിയെങ്കിലും അനക്കമില്ല. നാല്‍പതോളം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്ഥലമാണിത്. ഇത്രയേറെ ബസുകള്‍ ആയഞ്ചേരി ടൗണില്‍ നിര്‍ത്തുന്നതു ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ഇതിന് അറുതിവരുത്താന്‍ അധികാരികള്‍ ചില ശ്രമങ്ങള്‍ നടത്തുന്നുവെന്നല്ലാതെ വിജയം കാണുന്നില്ല.
ഏറ്റവും ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്റ്റാന്‍ഡില്‍ റജിസ്റ്റര്‍ സൂക്ഷിച്ച് ബസുകള്‍ കൃത്യമായി വരുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നത് ഉള്‍പ്പെടെയുള്ള സംവിധാനത്തിന് രൂപം നല്‍കിയിരിക്കുയാണ്്. ആയഞ്ചേരി ടൗണില്‍ പോലീസുണ്ടെങ്കിലും സ്റ്റാന്‍ഡില്‍ ഇവരുടെ സാന്നിധ്യം ഉറപ്പുവരുത്തി ബസുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ശ്രമിക്കുന്നില്ല.