ഇങ്ങനെയൊക്കെ ചെയ്യാമോ? പത്തുവയസുകാരനെ കുത്തികൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിക്ക് കുട്ടിയുടെ പിതാവിനോടുള്ള മുന്‍ വൈരാഗ്യം; കാരണങ്ങള്‍ തുറന്നുപറഞ്ഞ് അജി

Ajiകൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തികൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിക്ക് കുട്ടിയുടെ പിതാവിനോടുള്ള മുന്‍ വൈരാഗ്യം. മയക്കുമരുന്നിന് അടിമയായ അജിയാണ് പുല്ലേപ്പടി പറപ്പള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ കുത്തിക്കൊന്നത്. റിസ്റ്റിയുടെ പിതാവ് ജോണിനോട് അജിക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. അജി മുന്‍പ് ടൈല്‍സ് ഒട്ടിക്കുന്ന ജോലിക്കും മറ്റും പോയിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ക്ക് പണി ഇല്ലാതായി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജോണ്‍ ആണെന്ന് അജി വിശ്വസിച്ചിരുന്നു. ഇതിന്റെ പേരില്‍ അജിക്ക് ജോണിനോട് വൈരാഗ്യമുണ്ടായിരുന്നു.

ജോണിന്റെ സുഹൃത്തുക്കളും മറ്റും അജി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നതായി അജി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നിലും ജോണ്‍ ആണെന്നായിരുന്നു അജി വിശ്വസിച്ചിരുന്നത്. ഇതിന്റെ പേരിലും അജിക്ക് ജോണിനോട് വൈരാഗ്യമുണ്ടായിരുന്നു. അജി പതിവായി അമ്മയെ ഉപദ്രവിക്കുമ്പോള്‍ രക്ഷയ്ക്കായി ആശ്രയിച്ചിരുന്നത് ജോണിന്റെ വീട്ടിലായിരുന്നു. ഇത് അജിക്ക് ഇഷ്ടമില്ലായിരുന്നില്ല. മാത്രമല്ല ജോണിനോട് നിരന്തരമായി ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. ആദ്യമൊക്കെ നല്‍കിയിരുന്നെങ്കിലും പിന്നീട് അജി ഈ പണം മയക്കുമരുന്ന് വാങ്ങാന്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയതിനെത്തുടര്‍ന്ന് കൊടുക്കാതായി.

അജി അക്രമകാരിയാകുമ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതും പലപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോയതും ജോണിന്റെ ഓട്ടോറിക്ഷയിലായിരുന്നു. ഇതിലെല്ലാം പ്രതിക്ക് ജോണിനോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു. ജോണിനോടുള്ള മുന്‍ വൈരാഗ്യമാണ് റിസ്റ്റിയെ കുത്തിക്കൊല്ലുന്നതിലേക്ക് അജിയെ നയിച്ചതെന്നാണ് പോലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍, ജോണിനെയോ മറ്റ് ആരെയെങ്കിലുമോ അജി ഉപദ്രവിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയന്നു.

മയക്കുമരുന്ന് കിട്ടാതെ അക്രമാസക്തനാകുമ്പോള്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെങ്കിലും നാട്ടുകാര്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ല. എന്നാല്‍, ജോണിനോട് ഇക്കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയതിനുശേഷമെ ഇയാള്‍ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തില്‍ വ്യക്തത വരൂ എന്ന് പോലീസ് പറയുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തു വരുന്നു. എറണാകുളം സെന്‍ട്രല്‍ സിഐ വിജയകുമാറിനാണ് അന്വേഷണചുമതല.

Related posts