ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ശുഭകരമായ ഭാവിയിലേക്ക് ഇതാ തലയെടുപ്പോടെ രണ്ടു പേര്‍. കാലങ്ങളായി കുലുങ്ങാതെ കിടന്ന ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനവുമായി ഒഡീഷയില്‍നിന്നുള്ള ദ്യുതി ചന്ദും അമിയ കുമാറും ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിറഞ്ഞു തുളുമ്പി. ദ്യുതി ദേശീയ റിക്കാര്‍ഡ് മറികടന്നെങ്കിലും ഒളിമ്പിക് യോഗ്യത സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ നഷ്ടമായത് ഏവരെയും സങ്കടപ്പെടുത്തി.
ഇന്നലെ വൈകിട്ട് 6.30നു നടന്ന 100 മീറ്റര്‍ ഫൈനലില്‍ 11. 33 സെക്കന്‍ഡിലാണ് ദ്യുതി ഓടിയെത്തിയത്. ഇതാകട്ടെ പുതിയ ദേശീയ റിക്കാര്‍ഡും. 2000ല്‍ ഒഡീഷയില്‍നിന്നുള്ള രചിത മിസ്ത്രി സ്ഥാപിച്ച 11.28 സെക്കന്‍ഡ് എന്ന സമയമാണ് ദ്യുതി തിരുത്തിക്കുറിച്ചത്. ഒളിമ്പിക്‌സിനുള്ള യോഗ്യതാ മാര്‍ക്കായ 11.32 സെക്കന്‍ഡ് നേരിയ വ്യത്യാസത്തില്‍ ദ്യുതിക്കു നഷ്ടമായി. നാട്ടുകാരിയായ ശ്രബാനി നന്ദയ്ക്കാണ് (11.45 സെക്കന്‍ഡ്) വെള്ളി.
അമേരിക്കയില്‍ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ദ്യുതി ഫെഡറേഷന്‍ കപ്പിനെത്തിയത്. കാനറ ബാങ്കിന്റെ എച്ച്.എം. ജ്യോതി(11.46) വെങ്കലവും നേടി.പുരുഷവിഭാഗത്തില്‍ ഒഡീഷയില്‍നിന്നുള്ള അമിയകുമാര്‍ 100 മീറ്റര്‍ സെമിയില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു. എന്നാല്‍, ഫൈനലില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അമിയയ്ക്കായില്ല. 10.26 സ്ക്കന്‍ഡിലാണ് അമിയ മലയാളി താരം അനില്‍കുമാ റും (2005) അബ്ദുള്‍ നജീബ് ഖുറേഷിയും(2010) സ്ഥാപിച്ച 10.30 സെക്കന്‍ഡ് എന്ന റിക്കാര്‍ഡ് തിരുത്തിക്കുറിച്ചത്.
അമിയ ഫൈനലില്‍ മെഡല്‍ നേടാത്തതുകൊണ്ട് ഇത് റിക്കാര്‍ഡായി അംഗീകരിക്കണമെന്നില്ല എന്നൊരു നിയമം നിലവിലുണ്ട്. എന്നാല്‍, മത്സരത്തില്‍ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചതിനാല്‍ ഇതു റിക്കാര്‍ഡായി കണക്കാക്കുമെന്ന് എഎഫ്‌ഐ അധികൃതര്‍ വ്യക്തമാക്കി.
ഈയിനത്തില്‍ സ്വര്‍ണം ബിഹാറിന്റെ ജ്യോതി ശങ്കര്‍ ദേവ്‌നാഥിനാണ്. സമയം- 10.41 സെക്കന്‍ഡ്. മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണ (10.44) വെള്ളിയും ഒഎന്‍ജിസിയുടെ അബ്ദുള്‍ ഖുറേഷി(10.44) വെങ്കലവും നേടി. റിക്കാര്‍ഡ് ജേതാവ് അമിയയ്ക്ക് ഫൈനലില്‍ നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
പ്രജുഷയ്ക്കു സ്വര്‍ണം
വനിതാലോംഗ് ജംപില്‍ കേരളതാരങ്ങളുടെ അപ്രമാദിത്തമായിരുന്നു ഡല്‍ഹിയില്‍ കണ്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല ജേതാവ് എം.എ. പ്രജുഷ സ്വര്‍മം നേടി. 6.30 മീറ്റര്‍ ചാടിയാണ് പ്രജുഷ സ്വര്‍ണം നേടിയത്. ഈയിനത്തില്‍ വെള്ളിയും മലയാളി താരത്തിനാണ്. 6.24 മീറ്റര്‍ കണെ്ടത്തിയ പ്രകടനത്തോടെ വി. നീന വെള്ളിയണിഞ്ഞു. മഹാരാഷ്്ട്രയുടെ ശ്രദ്ധ ഖുലെ (6.12) വെങ്കലം നേടി. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 6.70 മീറ്ററാണ്.
തിരിച്ചുവരവില്‍ ഇന്ദര്‍ജിത്തിനു നിരാശ
ഇന്നലത്തെ മത്സരഫലത്തില്‍ ഏവരെയും അദ്ഭുതപ്പെടുത്തിയതും നിരാശപ്പെടുത്തിയതും പുരുഷന്മാരുടെ ഷോട്ട്പുട്ടാണ്. ഇന്ത്യയില്‍നിന്ന് ആദ്യമായി ഒളിമ്പിക് ബര്‍ത്ത് സ്വന്തമാക്കിയ ഇന്ദര്‍ജിത് സിംഗ് ഷോട്ട്പുട്ടില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ഇന്ദര്‍ജിത്തിന് തിരിച്ചുവരവില്‍ 19.17 മീറ്റര്‍ മാത്രമാണ് കണെ്ടത്താനായത്. ഒഎന്‍ജിസിയുടെ തജീന്ദര്‍ സിംഗിനാണ്(19.93 മീറ്റര്‍) വെള്ളി. കഴിഞ്ഞ വര്‍ഷം കൊറിയയിലെ ഗ്വാംജുവില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 20.27 മീറ്റര്‍ കണെ്ടത്തി സ്വര്‍ണം നേടിയപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ദര്‍ജിത്. ദീര്‍ഘകാലമായി ഇന്ദര്‍ജിത് അമേരിക്കയില്‍ പരിശീലനത്തിലായിരുന്നു.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഹരിയാനയുടെ പിങ്കി റാണി സ്വര്‍ണം നേടിയപ്പോള്‍ വെള്ളി പ്രിയങ്കയ്ക്കാണ്. വനിതകളുടെ ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ സരിത പ്രകാശ് സിംഗ് സ്വര്‍ണവും ഗുന്‍ജാന്‍ സിംഗ് വെള്ളിയും റിതു ധിമാന്‍ വെങ്കലവും നേടി. പുരുഷന്മാരുടെ ജാവലിനില്‍ ഉത്തര്‍പ്രദേശിന്റെ വിപിന്‍ കസാനയ്ക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ തമിഴ്‌നാടിന്റെ ജെ. പ്രീതിന് സ്വര്‍ണവും ഒഎന്‍ജിസിയുടെ അനുജ സിംഗിനു വെള്ളിയും ലഭിച്ചു. പുരുഷ വിഭാഗം 5000 മീറ്ററില്‍ തമിഴ്‌നാടിന്റെ ജി. ലക്ഷ്മണ്‍ സ്വര്‍ണം നേടിയപ്പോള്‍ വെള്ളി ലഭിച്ചത് ഒഎന്‍ജിസിയുടെ സുരേഷ്കുമാറിനാണ്. വനിതാ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ തന്നെ എല്‍. സൂര്യക്കാണ് സ്വര്‍ണം.
പ്രതീക്ഷയോടെ നാനൂറു മീറ്റര്‍ താരങ്ങള്‍
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 17 ഫൈനലുകള്‍ നടക്കും. ഇതില്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് പുരുഷ, വനിതാ വിഭാഗങ്ങളിലെ 400 മീറ്റര്‍ ഓട്ടമാണ്. വനിതാ വിഭാഗത്തില്‍ ആര്‍. അനു ജിസ്‌ന മാത്യു, അനില്‍ഡ തോമസ് എന്നീ മൂന്നു മലയാളികള്‍ മത്സരിക്കുന്നുണ്ട്. ഒപ്പം ഒളിമ്പിക് പ്രതീക്ഷയുമായി എം.ആര്‍. പൂവമ്മയും. ജിസ്‌ന മാത്യു മികച്ച പ്രകടനത്തോടെ ഒളിമ്പിക് ബെര്‍ത്ത് പ്രതീക്ഷിക്കുന്നുണ്ട്. പുരുഷ വിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും കുഞ്ഞുമുഹമ്മദും മത്സരിക്കും. എന്നാല്‍, തലനാരിഴയ്ക്ക് ഈയിടെ ഒളിമ്പിക് ബെര്‍ത്ത് നഷ്ടമായ ആരോക്യ രാജീവ് മത്സരിക്കാനിറങ്ങുന്നുണ്ട്.