ഈ ട്രാന്‍സ്‌ഫോര്‍മര്‍ ഒന്നുമാറ്റി സ്ഥാപിച്ചു കൂടെ…

tvm-transformerപോത്തന്‍കോട്: വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടക്കെണിയൊരുക്കി പോത്തന്‍കോട് താഴെമുക്കിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കഴക്കൂട്ടത്തുനിന്നും വെഞ്ഞാറമൂട്, മംഗലപുരം, വെമ്പായം എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന പ്രധാന റോഡാണ് താഴെമുക്ക് റോഡ്. ഈ ട്രാന്‍സ്‌ഫോര്‍ സംബന്ധിച്ച് നിരവധി പരാതികളാണ് കെഎസ്ഇബിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാന്‍സ്‌ഫോര്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലമില്ലെന്ന ന്യായീകരണമാണ് കെഎസ്ഇബി അധികൃതര്‍ ഉന്നയിക്കുന്നത്.

എന്നാല്‍ പോത്തന്‍കോട് റസിഡന്റ്‌സ് അസോസിയേഷനുകള്‍ പോലീസ് സ്റ്റേഷന്‍ റോഡില്‍ സ്ഥലം കണ്ടെത്തി നല്‍കാമെന്ന് അധികൃതരെ അറിയിച്ചെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാവിലെയും വൈകുന്നേരവും സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വന്‍ ഗതാഗതകുരുക്കാണ് പോത്തന്‍കോട് റോഡില്‍ അനുഭവപ്പെടുന്നത്. വലിയ ലോറികളും കെഎസ്ആര്‍ടിസി ബസുകളും പലതവണ ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്തായി അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ പൊതുജീവന് ഭീഷണിയാണെന്ന് കെഎസ്ഇബിക്കു മാത്രമാണ് മനസിലാകാനുള്ളത്.

മഴ കനത്തതോടെ ഷോര്‍ട്ട് സര്‍ക്യൂട്ടും ഫ്യൂസ് പൊട്ടിത്തെറിക്കുന്നതും പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. ഈ ട്രാന്‍സ്‌ഫോര്‍മറിനു സമീപത്തായി നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പും  പ്രവര്‍ത്തിക്കുന്നു.കെഎസ്ഇബി അധികൃതരുടെ നിഷ്ക്രിയ നടപടിക്കെതിരെ പ്രക്ഷോഭപരിപാടികള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍. വൈദ്യുതി മന്ത്രിക്ക് പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്.

Related posts