‘ഉന്തിന്റെകൂടെ തള്ളും” ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഏറ്റുമാനൂരില്‍ പകല്‍ നടത്തിയ റോഡ് നിര്‍മാണം ടൗണ്‍ നിശ്ചലമാക്കി

ktm-roadpaniഏറ്റുമാനൂര്‍: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഏറ്റുമാനൂര്‍ ടൗണില്‍ ഇന്നലെ പകല്‍ നടത്തിയ റോഡ് നിര്‍മാണം മൂലം ടൗണ്‍ നിശ്ചലമായി. ടൗണിലൂടെ കാല്‍നട പോലും അസാധ്യമായതോടെ യാത്രക്കാര്‍ വലഞ്ഞു. എംസി റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലീസ് സ്റ്റേഷനു മുന്‍ഭാഗത്ത് ഇന്നലെ രാവിലെ മുതല്‍ റോഡ് കുഴിച്ചത്. മണ്ണുമാന്തിയും ടോറസും ഉള്‍പ്പെടെ റോഡില്‍ തലങ്ങും വിലങ്ങും പോകുകകൂടി ചെയ്തതോടെ മണിക്കൂറുകളാണ് ഗതാഗതം നിശ്ചലമായത്.

നിര്‍മാണത്തിന്റെ  ഭാഗമായി മെറ്റിലും പാറപ്പൊടിയും ഉപയോഗിച്ച് ആറ് അടിയോളം ഉയര്‍ത്തിയ റോഡാണ് ഇന്നലെ വീണ്ടും താഴ്ത്തിയത്. കേബിള്‍ ജോലികള്‍ പൂര്‍ത്തിയാകും മുമ്പേ റോഡ് ഉയര്‍ത്തുകയായിരുന്നത്രേ. ഇന്നലെ കേബിള്‍ ജോലികള്‍ക്കുവേണ്ടിയാണ് ഉയര്‍ത്തിയ ഭാഗം വീണ്ടും താഴ്ത്തി റോഡ് വെട്ടിപ്പൊളിച്ചത്. യാതൊരു ആസൂത്രണവുമില്ലാത്ത റോഡ് നിര്‍മാണം യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്.

റോഡ് നിര്‍മാണം സംബന്ധിച്ച് സുരേഷ് കുറുപ്പ് എംഎല്‍എയുടെ നിര്‍ദേശാനുസരണം സിഐ ജയകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ ധാരണയ്ക്ക് വിരുദ്ധമായാണ് കരാറുകാര്‍ നിര്‍മാണ ജോലികള്‍ ചെയ്യുന്നത്. ടൗണിലെ റോഡ് നിര്‍മാണം രാത്രിയിലേ ചെയ്യാവൂ എന്ന ധാരണ അവര്‍ കാറ്റില്‍പറത്തിയെന്നു മാത്രമല്ല പകല്‍സമയം റോഡ് പൊളിക്കുന്ന കാര്യം പോലീസിനെ അറിയിച്ചതുമില്ല. സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും റോഡില്‍ ഇറങ്ങിയിട്ടും ഗതാഗതക്കുരുക്കഴിക്കാനായില്ല.ഇതിനിടെ ഗതാഗതക്കുരുക്കിനിടയില്‍ പോലീസ് ജീപ്പിട്ട് വാഹനപരിശോധന നടത്തി പോലീസും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.

Related posts