ഹരുണി സുരേഷ്
ജര്‍മന്‍കാരന്‍ റോബര്‍ട്ട് ക്രൂഗറും ഭാര്യ മെലാനിയും ഉലകം ചുറ്റാനിറങ്ങിത്തിരിച്ചിട്ട് ഇന്നേക്ക് ഒന്‍പതു മാസവും ഒരു ദിവസവും പിന്നിടുകയാണ്. 2015 ഡിസംബര്‍ 16ന് ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നിന്നും സ്വന്തം വാഹനത്തില്‍ യാത്ര പുറപ്പെട്ടതാണ്. ജൂലൈ 31ന് ഇന്ത്യയില്‍ പ്രവേശിച്ച ഇവര്‍ ഒരാഴ്ച മുമ്പാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എത്തിയത്. അഞ്ചു വയസുള്ള കോസ്‌മോ എന്ന വളര്‍ത്തു നായയും മെലാനിയുടെ അമ്പത്തൊമ്പതുകാരിയായ മാതാവ് കത്രീനയും ഇവര്‍ക്കൊപ്പമുണ്ട്. യാത്ര ഒരു ഹരമായ ഈ കുടുംബത്തിനു യാത്രക്കിടയിലുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് എല്ലാത്തിലുമേറെ ഹരം പകരുന്നത്. ചുറ്റിക്കറങ്ങലിനിടയില്‍ എടവനക്കാട് ചാത്തങ്ങാട് ബീച്ചിലെ കമലീയോണ്‍ റിസോര്‍ട്ടില്‍ എത്തിയ ഈ സംഘം രണ്ടു ദിവസം കൂടി കഴിഞ്ഞ് ഇവിടം വിടും.
ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളില്‍പെട്ട 15 രാജ്യങ്ങള്‍ ചുറ്റിത്തിരിഞ്ഞാണ് ഈ സംഘം കേരളത്തിലെത്തിയിട്ടുള്ളത്. പര്‍വതാരോഹകര്‍ക്കുള്ള സാധന സാമഗ്രികളെക്കുറിച്ച് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ് 37 കാരനായ റോബര്‍ട്ട്. മുപ്പതുകാരിയായ മെലാനിയാകട്ടെ മ്യൂണിച്ചിലെ അറിയപ്പെടുന്ന ടെക്‌സ്റ്റൈല്‍ എന്‍ജിനീയറാണ്. ഒക്‌ടോബര്‍ 31 നു ശേഷമേ ഇവര്‍ ഇന്ത്യ വിടുകയുള്ളു. ഈ വര്‍ഷം ക്രിസ്തുമസിനു മുമ്പായി നാട്ടില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുവരെ 40000 കിലോമീറ്ററോളം സഞ്ചരിച്ച സംഘം ഈ ദൗത്യത്തിനായി വിസ, ഡീസല്‍ , ഭക്ഷണം, മെയിന്റനന്‍സ്, ഷിപ്പിംഗ് ചാര്‍ജ്ജ് തുടങ്ങിയ ഇനങ്ങളില്‍ ഒന്‍പതു ലക്ഷം രൂപയാണു നീക്കിവച്ചിരിക്കുന്നത്.
യാത്രയുടെ ലക്ഷ്യം ലോകത്തെ കണ്ടറിയാന്‍
ജര്‍മനി വളരെ സുന്ദരമായ രാജ്യമാണ്. എന്നാല്‍ മറ്റുരാജ്യങ്ങള്‍ എങ്ങനെയെന്ന് അറിയാനുള്ള ജിജ്ഞാസയാണ് ഈ കുടുംബത്തെ ഈ ദീര്‍ഘയാത്രക്ക് പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. വിവിധ രാജ്യങ്ങളിലെ ജനങ്ങളെക്കുറിച്ചും അവരുടെ ജീവിത രീതികളെക്കുറിച്ചും കണ്ടറിയുകയാണ് പ്രധാനം. മാധ്യമങ്ങളിലൂടെയും പുസ്തകത്തിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ പലതും വിശ്വാസ്യയോഗ്യമല്ലെന്ന ധാരണയും ഇവര്‍ക്കുണ്ട്. രാജ്യങ്ങള്‍ തമ്മിലും, രാജ്യങ്ങള്‍ക്കകത്തും നടന്നു വരുന്ന ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പറയുന്നപോലെ ഗുരുതരമായതാണോ എന്ന മറ്റൊരു ലക്ഷ്യവും യാത്രക്കു പിന്നിലുണ്ടെന്നു ടീം ലീഡറായ റോബര്‍ട്ട് പറയുന്നു.
ലോകം ചുറ്റാന്‍ ഹൈടെക് വാഹനം
പ്രത്യേകം തയാറാക്കിയ വാനിലാണ് ഈ കുടുംബം ലോകയാത്രക്കിറങ്ങിയിട്ടുള്ളത്. മൂന്ന് പേര്‍ക്ക് ഉറങ്ങാന്‍ സൗകര്യമുള്ള ഡബിള്‍ ഡക്കര്‍ വാഹനത്തില്‍ ഫ്രിഡ്ജ്, അടുപ്പ്, വാഷിംഗ് മെഷ്യന്‍, ടോയ്‌ലറ്റ്, ഷവര്‍ ബാത്ത്, വാഷ്‌ബേസന്‍, സോളാര്‍ വൈദ്യുതി, ടയറുകളില്‍ എയര്‍ നിറക്കാനുള്ള കംപ്രസര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. മാത്രമല്ല ദിശയറിയാനുള്ള ന്യൂതന സംവിധാനങ്ങളും വാഹനത്തില്‍ സജ്ജമാണ്. കൂടുതലും രാത്രിയിലാണ് യാത്ര. പകല്‍ സമയങ്ങളില്‍ എവിടെയങ്കിലും തമ്പടിച്ചു വിശ്രമിക്കും. സ്വന്തമായി വാങ്ങിയ വാഹനം സ്വന്തം പ്രയത്‌നം കൊണ്ട് റോബര്‍ട്ട് തന്നെയാണ് രൂപമാറ്റം വരുത്തിയത്. ഇതിനായി ഒരു വര്‍ഷമെടുത്തു. ഉറക്കമെല്ലാം വാഹനത്തില്‍ തന്നെയാണ്. ഹോട്ടലുകളില്‍ തങ്ങാറില്ല. പുറത്ത് നിന്നുള്ള ഭക്ഷണവും പരമാവധി ഒഴിവാക്കും. വേണ്ട ഭക്ഷണം വാഹനത്തില്‍ തന്നെ ഉണ്ടാക്കും. റോബര്‍ട്ട് തന്നെയാണ് വാഹനം ഓടിക്കുന്നത്.
കൊച്ചിയില്‍ എത്താന്‍ താണ്ടിയത്
40,000 കിലോമീറ്റര്‍
ജര്‍മനിയില്‍ നിന്നും സിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി വഴി സ്‌പെയിനിലെത്തി വാഹനം കപ്പലില്‍ കയറ്റി മൊറോക്കോയിലിറങ്ങി. തുടര്‍ന്ന് അള്‍ജീരിയയും സഹാറയും ചുറ്റിത്തിരിഞ്ഞ് കപ്പല്‍ മാര്‍ഗം ഗ്രീസില്‍ വന്നിറങ്ങി. പിന്നീട് തുര്‍ക്കി, ഇറാന്‍ വഴി പാക്കിസ്ഥാനിലേക്കും പഞ്ചാബ് അമൃത്സര്‍ മാര്‍ഗം ശ്രീനഗറിലും പ്രവേശിച്ചു. അവിടെ നിന്നും ചൈനയുടെ അതിര്‍ത്തി വഴി ലേ യിലൂടെ കടന്ന് നേപ്പാള്‍, കാഠ്മണ്ഡു എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് ന്യൂഡല്‍ഹി വഴി ഇന്ത്യയിലേക്കെത്തുകയായിരുന്നു. ബുദ്ധസന്യാസിമാരുടെ കേന്ദ്രമായ ലേയില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നു വരാറുള്ള ഉത്സവത്തിലും ഇവര്‍ സംബന്ധിച്ചു. വരാണസി , വിശാഖപട്ടണം ചെന്നൈ, കുമളി, കട്ടപ്പന മാര്‍ഗമാണ് കൊച്ചിയിലെത്തിയത്.
ഇറാനും ചൈനയും ചുറ്റിച്ചു
ഇറാനിലൂടെയും ചൈനയിലൂടെയുമുള്ള യാത്രക്കിടയില്‍ റോബര്‍ട്ടും കുടുംബവും ഒന്നു ചുറ്റി. ഇറാനില്‍ നായകള്‍ക്ക് പ്രവേശനം ഇല്ലത്രേ. ഇതിനാല്‍ ഇവര്‍ക്കൊപ്പമുള്ള കോസ്‌മോ എന്ന നായയെ അധികാരികള്‍ അതിര്‍ത്തി കടത്തി വിടാന്‍ വിസമ്മതിച്ചതോടെ മിഠായി, സിഗരറ്റ്, തുടങ്ങിയ ചെറിയ കൈക്കൂലിയില്‍ ഇവരെ വീഴ്ത്തി നായയെ ഒപ്പം കൂട്ടുകായിരുന്നു. ചൈനയിലൂടെ മംഗോളിയ ചുറ്റി എത്താനായിരുന്നു സംഘം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ചൈനയിലൂടെ വാഹനമോടിക്കുന്നതിനു പ്രതിദിനം 80 ഡോളര്‍ ലെവി നല്‍കണമെന്നതിനാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു.
ചെന്നൈയില്‍ വച്ച് അവിടത്തെ സര്‍ക്കാര്‍ വാഹനം ഇവരുടെ വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നു സ്വന്തം കയ്യില്‍ നിന്നും പണം ചെലവാക്കിയാണ് നന്നാക്കിയത്. ഇതാണ് ലോകം ചുറ്റുന്നതിനിടയില്‍ ഉണ്ടായ ഏക ദുരനുഭവമെന്ന് സംഘം പറയുന്നു. മാത്രമല്ല ഇന്ത്യയിലെത്തിയതോടെ പലരുടേയും ചോദ്യം ചെയ്യലും സംഘത്തിനു അരോചകമായി. വാഹനത്തില്‍ ഏറ്റവും കൂടുതല്‍ ഹോണ്‍ അടിക്കേണ്ടി വന്നതും ഇന്ത്യയിലെത്തിയശേഷമാണ്. അമിതമായ ഉപയോഗം മൂലം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്ത്യയില്‍ മാത്രം മൂന്ന് ഹോണുകള്‍ മാറേണ്ടി വന്നു.
പാക്കിസ്ഥാന്‍കാര്‍ സ്‌നേഹമുള്ളവര്‍
ഏറ്റവും സ്‌നേഹമുള്ള ജനങ്ങള്‍ പാക്കിസ്ഥാനികളാണെന്നാണ് ഇവര്‍ പറയുന്നത്. മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പാക്കിസ്ഥാനില്‍ ഇല്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നും പിടിച്ചെടുത്ത ഒരു ഹെലികോപ്ടര്‍ പാക്കിസ്ഥാനിലെ കാര്‍ഗില്‍ മേഖലയില്‍ സംരക്ഷിച്ച് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത് സംഘാംഗങ്ങളില്‍ കൗതുകമുണര്‍ത്തി. കേവലം അഞ്ചു ദിവസം തങ്ങാന്‍ പദ്ധതിയിട്ടിരുന്ന പാക്കിസ്ഥാനില്‍ സംഘം രണ്ട് മാസം തങ്ങുകയും ചെയ്തു. പ്രാദേശികമായ ഭക്ഷണങ്ങള്‍ക്ക് ഇന്ത്യയിലും അള്‍ജീരിയായിലും വളരെ വിലകുറവാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അതേ പോലെ ഡീസല്‍ ലിറ്ററിനു അള്‍ജീറിയായില്‍ എട്ടു രൂപയും ഇറാനില്‍ പന്ത്രണ്ട് രൂപയുമുള്ളപ്പോള്‍ ഇന്ത്യയിലും ഇറ്റലിയിലുമാണ് വില കൂടുതല്‍. ഇറ്റലിയില്‍ 97.5 രൂപയാണ് വില.
ലഡാക്കും കേരളവും ഏറെ സുന്ദരം
കണ്ടതില്‍ ഏറ്റവും സൗന്ദര്യമായ പ്രദേശങ്ങള്‍ ലഡാക്കും, ലേയും, വൈപ്പിനുമാണത്രേ. വൈപ്പിന്‍ കരയിലെ ബീച്ചുകളുടെ സൗന്ദര്യമാണ് സംഘത്തെ ആകര്‍ഷിച്ചത്. എന്നാല്‍ തങ്ങളുടെ നാട്ടിലേത് പോലെ ബീച്ചില്‍ ഇറങ്ങി കുളിക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്നാണ് ഏക പോരായ്മയായി പറയുന്നത്. കേരളത്തിലെ വിദ്യാഭ്യാസ പരമായ മുന്നേറ്റവും മതസൗഹാര്‍ദ്ദതയുമാണ് ഇവര്‍ എടുത്തു പറയുന്ന മറ്റൊരു കാര്യം. കേരളത്തിന്റെതു പോലെ വിദ്യാഭ്യാസമുള്ള മറ്റൊരിടം പാകിസ്ഥാനിലെ ഹ്യൂന്‍സാ വാലിയാണത്രേ. മുസ്ലീം മേഖലയാണെങ്കില്‍ പോലും ഇവിടെ വിദ്യാലയങ്ങളില്‍ മിക്‌സഡ് ക്ലാസുകളാണെന്നും സംഘം ചൂണ്ടിക്കാട്ടി.