കോട്ടയം: എം.സി. റോഡ് പണിയുടെ പേരില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചങ്ങനാശേരി മുതല്‍ പട്ടിത്താനം വരെയും പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയും രണ്ട് റീച്ചുകളിലായാണ് പണികള്‍. രണ്ട് കമ്പനികള്‍ക്കാണ് റോഡ് പണിയുടെ ഉത്തരവാദിത്വം. എന്നാല്‍, വഴിപണിയുടെ പേരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പട്ടിത്താനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം വഴിപണി അറുപത് ദിവസത്തിനകം തീര്‍ക്കാമെന്ന് എംഎല്‍എയ്ക്ക് കൊടുത്ത ഉറപ്പായിരുന്നു അവസാനത്തേത്.
എന്നാല്‍, ഉറപ്പ് നല്‍കിയ അറുപത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോട്ടയം മുതല്‍ പട്ടിത്താനം വരെയുള്ള പല ഭാഗങ്ങളിലും പണി പൂര്‍ത്തിയാക്കാതെ കുണ്ടും കുഴിയുമായി കിടക്കുന്നു. പണി തീര്‍ന്ന ചില ഭാഗങ്ങളിലാകട്ടെ പുതിയ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടുതാനും. ഗുണനിലവാരമില്ലാത്ത പണിയായി ഇത് വിലയിരുത്തപ്പെടുന്നു. അടിച്ചിറ ഭാഗത്താണ് ഓടകള്‍ നിര്‍മിക്കാത്തതുമൂലം വഴിയിലൂടെ വെള്ളം ഒഴുകി കുഴികള്‍ രൂപപ്പെട്ടത്. ഗാന്ധിനഗറില്‍ വഴിയുടെ നടുഭാഗത്തായി മുന്നറിയിപ്പുകളൊന്നുമില്ലാതെ കുഴിച്ചിട്ടിരിക്കുന്ന രണ്ട് കുഴികള്‍ അപകടങ്ങളുണ്ടാക്കുന്നവയാണ്. രാത്രിസമയത്താണ് ഈ ഭാഗത്ത് അപകടങ്ങള്‍ കൂടുതലും.
രോഗികളുമായി വരുന്ന പല വണ്ടികളും ഈ കുഴികളില്‍ ചാടി അപകടത്തില്‍ പെടുന്നു. നീലിമംഗലം പാലത്തിനു സമീപം, തെള്ളകം പള്ളിക്കു സമീപം, ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം, തവളക്കുഴി ജംഗ്ഷന്‍, പട്ടിത്താനം എന്നിവിടങ്ങളിലാണ് ടാറിംഗ് വെട്ടിപ്പൊളിച്ച് പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. ടാറിംഗ് പണി പൂര്‍ത്തീകരിക്കാത്തതുമൂലം ഈ ഭാഗങ്ങളില്‍ അപകടവും ബ്ലോക്കും ഉണ്ടാകുന്നു. കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ സ്ഥലം ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും കാര്യമായ ഗൗരവത്തില്‍ ഇതെടുക്കുന്നില്ലെന്നുള്ളതാണ് കാരണം.
പണിയിലുള്ള അലംഭാവമാണ് ഇപ്രദേശങ്ങളിലെ ടാറിംഗ് പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. മഴക്കാലമായതോടെ ചെറിയ കുഴികള്‍ പോലും വലിയ ഗര്‍ത്തങ്ങളായി രൂപപ്പെട്ടു തുടങ്ങി. ആദ്യമാദ്യം ജെസിബി ഉപയോഗിച്ച് ഈ കുഴികള്‍ നിരത്തിയിരുന്നെങ്കിലും ഇപ്പോള്‍ യന്ത്രസാമഗ്രികള്‍ എല്ലാം മാറ്റിയതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഏറ്റുമാനൂര്‍ അമ്പലം ജംഗ്ഷനില്‍ ചിലരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ വഴിപണി പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് മാറ്റേണ്ടതായി വന്നു. കയറ്റങ്ങള്‍ കുറയ്ക്കാതെയും വേണ്ടത്ര ഗുണനിലവാരത്തിലല്ലാതെയുമുള്ള പണികളാണ് ഈ ഭാഗത്ത് നടത്തിയിരുന്നതെന്നും ആരോപണമുണ്ട്.