എംജി റോഡ് സൗന്ദര്യവത്ക്കരണം; കെഎംആര്‍എലും വ്യാപാരികളും രണ്ടു തട്ടില്‍

EKM-KMRLകൊച്ചി: എറണാകുളം എം.ജി. റോഡ് സൗന്ദര്യവത്ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ടു വ്യാപാരികളും കെഎംആര്‍എലും (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്നതാണെന്ന് എം.ജി. റോഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത പദ്ധതിയില്‍ നിന്നു പിന്നോട്ടില്ലെന്നാണു കെഎംആര്‍എലിന്റെ നിലപാട്.

ഭൂരിഭാഗം വ്യാപാരികള്‍ക്കും പദ്ധതിയോടു യോജിപ്പാണെന്നും സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായാല്‍ എം.ജി. റോഡിലെ വ്യാപാരം വര്‍ധിക്കുമെന്നുമാണ് കെഎംആര്‍എലിന്റെ വാദം. റോഡിന്റെ ഒരു വശത്തെ ഗതാഗതം സന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നിരോധിക്കുന്നതു വ്യാപാരത്തെ ബാധിക്കുമെന്നാണു വ്യാപാരികള്‍ പറയുന്നത്. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് എം.ജി. റോഡിലെ വ്യാപാരത്തില്‍ പകുതിയോളം കുറവുണ്ടായിട്ടുണ്ട്.

70 ളം കടകള്‍ പൂട്ടി. പുല്ലേപ്പടി-തമ്മനം റോഡ് വികസനം അടക്കമുള്ള മെട്രോ അനുബന്ധ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകാത്തതാണ് നഗരത്തിലെ ഗതാഗതകുരുക്കിനു കാരണം. റോഡ് തകര്‍ന്നു കിടക്കുന്നതും നടപ്പാതകള്‍ നന്നാക്കാത്തതുമൂലവും ആളുകള്‍ എം.ജി. റോഡ് ഉപേക്ഷിച്ചു. ഇതോടെ സമാന്തര റോഡുകളില്‍ ഗതാഗതകുരുക്കു രൂക്ഷമായി. എംജി റോഡ് വികസനത്തില്‍ തങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കണമെന്നും എം.ജി. റോഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒട്ടേറെ പഠനം നടത്തി തയാറാക്കിയ സൗന്ദര്യവത്ക്കരണ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു മെട്രോ അധികൃതര്‍ വ്യക്തമാക്കി.  വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്ന മാറ്റങ്ങള്‍ പരിഗണിക്കാന്‍ തയാറാണെന്നും അവര്‍ അറിയിച്ചു.

Related posts