ആലപ്പുഴ: ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടിനു കുട്ടനാട്ടിലെത്തും. ഉച്ചയ്ക്ക് ഒന്നിനു പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്ന എടത്വ പച്ച ലൂര്‍ദ് മാതാ സ്കൂള്‍ മൈതാനത്തെത്തുന്ന പ്രധാനമന്ത്രി 1.45നു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ നാഥ്സിംഗ്, രാസവള-ആരോഗ്യമന്ത്രി ജെ.പി. നദ്ദ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുടങ്ങിയവര്‍ വേദിയിലുണ്ടാകും.
രണ്ടുലക്ഷം പ്രവര്‍ത്തകരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് എന്‍ഡിഎ തീരുമാനം. കുട്ടനാട്ടില്‍ നിന്നുമാത്രം 50,000 പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണവും കുടിവെള്ളവുമടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.