ഗവര്‍ണറുടെ നയപ്രഖ്യാപന സമ്മേളനത്തിനിടെ നിയമസഭയിലിരുന്ന് ഉറങ്ങിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ട്രോളി നവമാധ്യമങ്ങള്‍. സഭയിലിരുന്ന് ഉറങ്ങുന്ന എല്‍ദോസിന്റെ ചിത്രങ്ങള്‍ വന്നതോടെ ചറപറ ട്രോളുകളുടെ അഭിഷേകമായിരുന്നു. ട്രോളുകാര്‍ എല്ലാംകൂടി എല്‍ദോസിന്റെ നെഞ്ചത്തേക്ക് കയറുന്നതു കണ്ട് മനസലിഞ്ഞ വി. ടി. ബല്‍റാം എംഎല്‍എയാണ് ഒടുവില്‍ കുന്നപ്പിള്ളിയുടെ രക്ഷയ്‌ക്കെത്തിയത്. കേരള വര്‍മ കോളജിലെ അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ എല്‍ദോസിനെ കളിയാക്കിയതോടെ ബല്‍റാമിന് ഉറക്കത്തിന്റെ കാരണം വിശദീകരിക്കുകയായിരുന്നു. നിയമസഭയിലിരുന്ന് ഉറങ്ങിയ കുന്നപ്പിള്ളിയെ വിളിച്ചുണര്‍ത്തിയത് വി.ടിയായിരുന്നു.
എംഎല്‍എയുടെ ഉറക്കത്തെപ്പറ്റി ദീപ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ- ഉറക്കം മതി ചങ്ങാതീ, ഉത്ഥാനം ചെയ്തിടാമിനി! എഴുന്നേറ്റിട്ടു വേണ്ടേ നാമെങ്ങോട്ടും സഞ്ചരിക്കുവാന്‍!, നില്‍ക്കുമീ നില്‍പ്പില്‍ നില്‍ക്കാതെ നീങ്ങി മുന്നോട്ടു പോയിടാം, പിടിച്ചു തള്ളുമല്ലെങ്കില്‍
പിന്നില്‍ നിന്നും വരുന്നവര്‍!”, സൂക്ഷിച്ചോ വി.ടി… ഈ ഉറക്കം നേരെ തിരിച്ചായിരുന്നെങ്കില്‍ നിങ്ങടെ അവസ്ഥ! ഹൊ! ചിന്തിക്കാന്‍ വയ്യ!
ഇനി മുതല്‍ തലസ്ഥാനത്തേക്കു പോകുമ്പോ രണ്ട് ഈര്‍ക്കില്‍ കൂടി കയ്യില്‍ വെച്ചോ എന്ന ഉപദേശവും ദീ നിശാന്ത് നല്കുന്നു. എല്‍ദോസിന്റെ സ്ഥാനത്ത് വി.ടിയായിരുന്നെങ്കില്‍ വിമര്‍ശകര്‍ കൊന്നു കൊലവിളിച്ചേനെയെന്ന മുന്നറിയിപ്പും ടീച്ചര്‍ നല്കുന്നു.
ദീപയുടെ പോസ്റ്റ് വന്നു മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി വി.ടിയുമെത്തി. ബല്‍റാം പറയുന്നതിങ്ങനെ- നിയമസഭ തുടങ്ങിയ ദിവസമായിരുന്നു ഇന്നലെ. തലേദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പല പരിപാടികള്‍ക്കും ശേഷം രാത്രി ട്രെയിനിലോ കാറിലോ ഒക്കെയാണ് എംഎല്‍എമാര്‍ തിരുവനന്തപുരത്തെത്താറുള്ളത്. രാവിലെ എട്ടരക്ക് സഭ തുടങ്ങുകയും ചെയ്യും. അതു
കൊണ്ട് ക്ഷീണം കാരണം ഇടക്കൊന്ന് കണ്ണടക്കുന്നതൊക്കെ മനുഷ്യസഹജമാണ്. എന്റെ അടുത്ത സീറ്റിലിരുന്ന എല്‍ദോസ് കുന്നപ്പിള്ളി രാവിലെ വന്നപ്പോള്‍ തൊട്ട് നല്ല തലവേദനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെയാണെങ്കില്‍ രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദീര്‍ഘമായ പ്രസംഗമായിരുന്നു ഗവര്‍ണറുടേത്. ഇരുന്ന് കേള്‍ക്കുക എന്നതല്ലാതെ ആ സമയത്ത് സഭാംഗങ്ങള്‍ക്ക് വേറെയൊന്നും ചെയ്യാനില്ല. അതിനിടയില്‍ ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരില്‍ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ല.
ഏതായാലും ദീപ പറഞ്ഞ മറുവശം രാവിലെ ഈ ഫോട്ടോ കണ്ടപ്പോള്‍ ഞാനും ആലോചിച്ചുപോയി. ഞാനോ മറ്റോ ആയിരുന്നെങ്കില്‍ പിന്നെ കാലാകാലത്തിന് സംഘികള്‍ക്കും സഖാക്കള്‍ക്കും ആഘോഷിക്കാന്‍ അത് മതിയാവുമായിരുന്നു. നമ്മള്‍ അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴൊക്കെ താഴെവന്ന് ഈ ഫോട്ടോ ഒട്ടിച്ചുവക്കാമായിരുന്നു- ബല്‍റാം പറയുന്നു. എന്തായാലും ജയരാജനെയും സുധാരനെയുംുപോലെ എല്‍ദോസ് കുന്നപ്പിള്ളിയും ട്രോളര്‍മാരുടെ ഇരയായെന്ന് വ്യക്തം.